ന്യൂദല്‍ഹി തന്റെ ശിഷ്യനായ അരവിന്ദ് കെജ് രിവാളിനെതിരെ ആഞ്ഞടിച്ച് ഗാന്ധിയന്‍ അന്ന ഹസാരെ. അധികാരം രുചിച്ചപ്പോള്‍ കെജ് രിവാളും മാറിയെന്നും അന്ന ഹസാരെ പറഞ്ഞു.
കഴിഞ്ഞ 35 വര്‍ഷമായി തന്റെ ഗ്രാമത്തില്‍ മദ്യവും സിഗരറ്റും വില്‍ക്കാത്തതിനെ അംഗീകരിച്ച കെജ്രിവാളും മനീഷ് സിസോദിയയും ഇപ്പോള്‍ നേരെ തിരിഞ്ഞിരിക്കുന്നു. മദ്യത്തെയും സിഗരറ്റിനെയും എല്ലാം വെറുത്തിരുന്ന കെജ്രിവാളിന്റെ നിലപാട് 2012ല്‍ രചിച്ച സ്വരാജ് എന്ന പുസ്തകത്തിലെ ഏതാനും വരികള്‍ വായിച്ച് അന്ന ഹസാരെ ഓര്‍മ്മപ്പെടുത്തി.
അന്ന് സ്വരാജ് എന്ന പുസ്തകത്തില്‍ അരവിന്ദ് കെജ്രിവാള് പ്രശ്നമായി കണ്ടത് രാഷ്ട്രീയക്കാരുടെ നിര്‍ദേശപ്രകാരം മദ്യക്കടകള്‍ തുറക്കുന്നതിന് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് അനുവദിക്കുന്നതിനെയാണ്. “കൈക്കൂലി വാങ്ങിയ ശേഷമാണ് അവര്‍ ലൈസന്‍സ് നല്‍കുന്നത്. മദ്യക്കടകള്‍ കാരണം നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട്. ആളുകളുടെ കുടുംബജീവിതം തകരുന്നു. മദ്യത്തിന്റെ സ്വാധീനം കൊണ്ട് ജീവിതം തകര്‍ന്നവരോട് മാത്രം മദ്യക്കടകള്‍ തുറക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ആരും അനുവാദം ചോദിക്കുന്നില്ല. പകരം മദ്യക്കടകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.”- അരവിന്ദ് കെജ്രിവാള് സ്വരാജ് എന്ന പുസ്തകത്തില്‍ എഴുതുന്നു.
ഈ പ്രശ്നത്തിനുള്ള പരിഹാരമെന്തെന്നും അരവിന്ദ് കെജ്രിവാള് തന്നെ സ്വരാജ് എന്ന ഈ പുസ്തകത്തില്‍ മുന്നോട്ട് വെയ്ക്കുന്നു:”ഗ്രാമസഭകള്‍ ഇത് സംബന്ധിച്ച് യോഗത്തില്‍ അംഗീകാരം നല്കിയാല് മാത്രമേ മദ്യക്കടകള്‍ തുറക്കാന്‍ പാടുള്ളൂ. ഗ്രാമസഭായോഗത്തില്‍ പങ്കെടുത്ത 90 ശതമാനം സ്ത്രീകളും മദ്യത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ മാത്രമേ മദ്യക്കടകള്‍ അനുവദിക്കാന്‍ പാടുള്ളൂ. യോഗത്തില്‍ കേവല ഭൂരിപക്ഷം നേടാനായാല്‍ സ്ത്രീകള്‍ക്ക് തന്നെ മദ്യക്കടകള്‍ തുറക്കാനുള്ള ഈ ലൈസന്‍സ് റദ്ദാക്കാന്‍ സാധിക്കണം.”
“പക്ഷെ രാഷ്ട്രീയത്തില്‍ അധികാരം നേടുകയും മുഖ്യമന്ത്രിയാവുകയും ചെയ്ത ശേഷം അരവിന്ദ് കെജ്രിവാള് ആദര്‍ശങ്ങളും ആശയങ്ങളും മറന്നതായി തോന്നുന്നു. അതുകൊണ്ടാണ് ദല്‍ഹിയിലെ താങ്കളുടെ സര്‍ക്കാര്‍ പുതിയൊരു മദ്യനയം ഉണ്ടാക്കിയത്. മദ്യവില്‍പ്പനയ്ക്കും മദ്യ ഉപയോഗത്തിനും ഈ നയം ആക്കം കൂട്ടുന്നു. ഓരോ കവലയിലും മദ്യക്കടകള്‍ തുറക്കാന്‍ സാധിക്കും. ഇത് അഴിമതി വര്‍ധിക്കുന്നതിന് കാരണമാകും. ഇത് ജനങ്ങളുടെ താല്പര്യപ്രകാരമല്ല.”- അന്ന ഹസാരെ പറയുന്നു. കെജ്രിവാള് അധികാരം കുടിച്ച് ഉന്മത്തനായിരിക്കുകയാണെന്നും അന്ന ഹസാരെ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: