കണ്ണൂര്‍: ഓട്ടോ മ്യൂസിയത്തില്‍ ഇനി 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിലിറങ്ങിയ ദേശീയപതാകയുടെ സ്റ്റാമ്പും. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പ് തപാല്‍ മുദ്രയോടെ മിനിച്ചേര്‍ ഷീറ്റില്‍ ഇറക്കിയ 75 രൂപയുള്ള സ്റ്റാമ്പാണ് പയ്യന്നൂര്‍ ഓട്ടോ സ്റ്റാന്റിലോടുന്ന സുമേഷ് ദാമോദരന്റെ ഓട്ടോ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചത്. നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നയാളാണ് സുമേഷ്. ഓട്ടോയ്‌ക്കുളളില്‍ വൈവിധ്യങ്ങളായ സ്റ്റാമ്പുകളും നാണയങ്ങളും പതിച്ച് പയ്യന്നൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന സുമേഷിന്റെ ഓട്ടോ വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് കൗതുകം സമ്മാനിച്ച് വരികയാണ്.
75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ മുദ്രയില്‍ പതാകയുടെ മാതൃകാ ചിത്രത്തില്‍ വന്ദേമാതരം എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വൃത്താകൃതിയിലാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ഫിലാറ്റലി കൗണ്ടറില്‍ ഈ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സുമേഷ് തിരുവനന്തപുരത്തെ സെക്രട്ടറി എം. ശരത്ത് മുഖാന്തിരം തിരുവനന്തപുരത്തെ പോസ്റ്റ് ഓഫീസിലെ ഫിലാറ്റലി കൗണ്ടറില്‍ നിന്നുമാണ് സ്റ്റാമ്പ് സ്വന്തമാക്കിയത്.
ഇത്തരത്തിലുള്ള വിലമതിക്കുന്ന തപാല്‍ മുദ്രകള്‍ കണ്ണൂരില്‍ യഥാസമയമെത്താത്തതിനാല്‍ പെട്ടെന്ന് ഇവ സ്വന്തമാക്കാന്‍ സ്റ്റാമ്പ് സ്‌നേഹികള്‍ വലിയ വിലകൊടുക്കേണ്ടിവരുന്നതായി ഇവര്‍ പറയുന്നു. ഭാരതത്തിന്റെ സ്വതന്ത്ര്യത്തിനുശേഷം പുറത്തിറക്കിയ (15-8-1947) ദേശീയപതാക ചിത്രത്തില്‍ ജയ്ഹിന്ദ് എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. ഈ തപാല്‍ മുദ്ര മുതല്‍ 25-ാം വാര്‍ഷികത്തിനും, 50-ാം വാര്‍ഷികത്തിനും പുറത്തിറക്കിയ ദേശീയപതാക ചിത്രം വരുന്ന മുദ്രകള്‍ ഉള്‍പ്പടെ 40ല്‍ പരം ദേശീയപതാക ചിത്രം വരുന്ന സ്റ്റാമ്പ് സുമേഷിന്റെ ശേഖരണത്തിലുണ്ട്. 50-ാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ ഇന്‍ലന്റ്, പോസ്റ്റ് കാര്‍ഡ്, കവര്‍ 2009 ല്‍ പുറത്തിറങ്ങിയ പിഗലി വെങ്കയ്യയുടെ 5 രുപ സ്റ്റാമ്പില്‍ ആദ്യം രൂപം നല്‍കിയ ദേശീയപതാകയുടെ മാതൃകയില്‍ ചര്‍ക്കയാണ്. ദേശീയപതാകയുടെ ചിത്രം വരുന്ന സ്‌പെഷല്‍ കവര്‍, ഫസ്റ്റ് ഡേ കവര്‍ എന്നിവയും സമേഷിന്റെ ശേഖരണത്തില്‍ ഉണ്ട്.
കേനന്നൂര്‍ ഫിലാറ്റലി ക്ലബ്ബ് ലൈഫ് ടൈം അംഗം, പയ്യന്നൂര്‍ യുണിറ്റ് ബിഎംഎസ് എക്‌സിക്യൂട്ടീവ് അംഗം, സുരേഷ് ഗോപി ഫാന്‍സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, ബിജെപി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, എസ്എന്‍ എടാട്ട് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, സന്ദീപ് വചസ്പതി, സംവിധായകന്‍ സുജിത്ത് വാസുദേവ്, ടി.പി. ജയചന്ദ്രന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഓട്ടോ മ്യൂസിയം നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.
സുരേഷ്‌ഗോപിയുടെ കടുത്ത ആരാധകനായ സുമേഷിന് സുരേഷ്‌ഗോപിയെ നേരിട്ട് ഓട്ടോ മ്യൂസിയം കാണിക്കുവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് ജന്മഭൂമിയോട് പറഞ്ഞു. 2014ല്‍ സുരേഷ്‌ഗോപിയുടെ ഓട്ടോഗ്രാഫ് സ്വന്തം കൈയ്യക്ഷരത്തില്‍ കിട്ടി. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫും, 2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫും പോസ്റ്റ് ഓഫീസ് വഴി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: