ന്യൂദല്‍ഹി: സര്‍വകലാശാല ചട്ടഭേദഗതി ബന്ധുനിയമനങ്ങളെ സാധുവാക്കാനുള്ള സിപിഎം നീക്കമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. സ്വജനപക്ഷപാതം നിയമപരമാക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണ് പിണറായി വിജയനെന്നും കേന്ദ്രമന്ത്രി ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനം ജയിപ്പിച്ചുവിട്ടത് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്താനാണെന്ന മട്ടില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കരുത്. അഴിമതി നടത്താന്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാമാകാം എന്നതാണ് സര്‍ക്കാര്‍ നയം. യുജിസി റെഗുലേഷന്‍സ് സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിയമമന്ത്രി പി. രാജീവിന്റെ വാദം തെറ്റാണ്. പി. രാജീവ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വി. മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം മാത്രമല്ല വിഷയം. സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലും സിപിഎം നേതാവ് പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനത്തിലും എ.എന്‍. ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിലുമെല്ലാം പരാതികളുണ്ട്. ഭരണഘടനയോട് കൂറുണ്ടെങ്കില്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണം. കെ.ടി. ജലീല്‍ ബന്ധുനിയമനം നടത്തിയപ്പോള്‍ സംരക്ഷിക്കാന്‍ വേണ്ടി ലോകായുക്തയുടെ ചിറകരിഞ്ഞതുപോലെ ഗവര്‍ണറുടെ ചിറകരിയാനാണ് നീക്കം. അന്വേഷണം പ്രഖ്യാപിക്കാതെ ഈ മട്ടില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബിജെപി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മന്ത്രി പ്രതികരിച്ചു
അക്കാദമികയോഗ്യതയുള്ളവര് പുറത്തുനില്ക്കുമ്പോള് നിയമവും ചട്ടവും ലംഘിച്ചുള്ള നീക്കം അനുവദിക്കില്ല. കേന്ദ്രസര്‍വകലാശാലകളില്‍ അട്ടിമറിയെന്ന് ആവര്‍ത്തിച്ച് പ്രസംഗിച്ച് നടക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറായം യച്ചൂരി ഇതൊന്നും കാണുന്നില്ലേയെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: