തിരുവനന്തപുരം: ഗോപിക ടീച്ചറുടെ അവയവങ്ങള്‍ ഇനി എഴു പേരില്‍ തുടിക്കും. അബോധാവസ്ഥയില്‍ നാലുദിവസമായി ശ്രീചിത്ര ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വലിയവിള കുണ്ടമണ്‍കടവ് ശ്രീവല്ലഭയില്‍ ജി.ഗോപികാറാണി(46) മരണത്തിനു കീഴടങ്ങി. പക്ഷേ, ശാസ്തമംഗലം എന്‍.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്രിയപ്പെട്ട അധ്യാപികയുടെ കണ്ണും കരളും കിഡ്നിയും ഹൃദയവാല്‍വും പലരിലായി ഇനിയും ജീവിക്കും.
വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഗോപികാറാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനാല്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് അവയവം ദാനം ചെയ്യാന്‍ ഭര്‍ത്താവ് പ്രവീണും മകന് പ്രാണും തീരുമാനമെടുത്തു.
സര്‍ക്കാറിന്റെ സഞ്ജീവിനിയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി. വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന് തുടിച്ചിരുന്ന ഗോപികാറാണിയെ വീണ്ടും പരിശോധിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുന്നതാണെന്ന് ഉറപ്പാക്കി. മരണം സ്ഥിതീകരിച്ചതോടെ അവയവദാന നടപടികള്‍ വേഗത്തിലാക്കി. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേയ്ക്കും കിഡ്നിയില്‍ ഒന്ന് തിരുവല്ല പുഷ്പ ഗിരിയിലേക്കും രണ്ടാമത്തേത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയിലേക്കും മാറ്റി. അതാത് ആശുപത്രികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവയവങ്ങള്‍ നല്‍കും.
പ്രസിദ്ധ ചിത്രകാരന് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരുടെ മകളാണ് ഗോപികാറാണി. തിരുവനന്തപുരം എല്‍ബിഎസിലെ ജീവനക്കാരനായ ഭര്‍ത്താവ് കെ. പ്രവീണ്‍കുമാര്‍ ഫോട്ടോഗ്രാഫര്‍കൂടിയാണ്. സ്ക്വാഷ് താരമാണ് മകന് പ്രാണ്്. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ശാസ്തമംഗലം സ്കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വൈകുന്നേരം 4.30 ന് ശാന്തികവാടത്തില്‍ സംസ്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: