ഷാജന് സി. മാത്യു
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ‘വിമാനവാഹിനി’ ഐഎസി-1 വിക്രാന്ത്, നേവല്‍ഷിപ്പ് പതാക ഐന്സൈന് ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുക. അതോടെ വിക്രാന്ത് ‘ഇന്ത്യന്‍ നേവല്‍ഷിപ്പ് അഥവാ ഐഎന്‍എസ്’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ പ്രതിരോധ സേനയിലെ ഒരു സൈനികനു തുല്യമായ ‘യോദ്ധാവ്’ ആയി വിമാനവാഹിനി
പരിഗണിക്കും. കപ്പല്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കി ഡിക്കമ്മിഷന്‍ ചെയ്യുന്നതു വരെ, രണ്ടാം തീയതി പ്രധാനമന്ത്രി ഉയര്‍ത്തുന്ന പതാക അതില്‍ പാറിക്കളിക്കും. പതാക ഉയര്‍ത്തുന്നതിനു മുമ്പായി വിമാനവാഹിനിയെ സേനയുടെ ഭാഗമാക്കുന്നതിനുള്ള വാറന്റ് വിക്രാന്തിന്റെ നിയുക്ത കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കേ വായിക്കും. തുടര്‍ന്നു കപ്പലിന്റെ ക്വാര്‍ട്ടര്‍ ഡെക്ക് എന്നറിയപ്പെടുന്ന ആഫ്റ്റ് എന്ന ഭാഗത്ത് പ്രധാനമന്ത്രി എന്‍സൈന്‍ ഉയര്‍ത്തി സല്യൂട്ട് ചെയ്യും.
ഇതിനു മുമ്പായി കപ്പലിന്റെ ഫോക്സല്‍ എന്ന ഭാഗത്ത് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും. കമ്മിഷന് ചെയ്യുന്നതിന്റെ ഭാഗമായി 262 മീറ്റര്‍ നീളത്തില്‍ ചെറിയ ദേശീയപതാകകള്‍ കൊണ്ട് കപ്പല്‍ അലങ്കരിക്കും. ചടങ്ങ് കഴിയുമ്പോള്‍ ഈ അലങ്കാര പതാകകള്‍ അഴിച്ചുമാറ്റും. പിന്നീട് ഒരു ദേശീയപതാകയും എന്‍സൈനും മാത്രം വിമാനവാഹിനിയില്‍ ശേഷിക്കും.
വിക്രാന്തിന്റെ കമ്മിഷനിങ്ങിനോടനുബന്ധിച്ചു ദ്രുതഗതിയിലുള്ള ഒരുക്കങ്ങളാണ് കപ്പല്‍ശാലയിലും ദക്ഷിണ നാവികാസ്ഥാനത്തും നടക്കുന്നത്. ഷിപ്പ്യാര്ഡില് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായരും നാവികാസ്ഥാനത്ത് വൈസ് അഡ്മിറല്‍ എം.എ. ഹമ്പിഹോളിയും തയ്യാറെടുപ്പുകള്‍ക്കു നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: