ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ട് സിപിഎമ്മുകാരനായ ഷാജഹാന് എന്ന യുവാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണം അറുതിയില്ലാതെ തുടരുകയാണ്. കൊലയ്ക്കു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയും കുടിപ്പകയുമാണെന്നു വ്യക്തമാവുകയും, കൊലപാതകികള്‍ സിപിഎമ്മുകാര്‍തന്നെയാണെന്ന് ദൃക്സാക്ഷികള്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തിട്ടും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രശ്നത്തിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിലെ പ്രതികളിലൊരാള്‍ തങ്ങള്‍ സിപിഎമ്മുകാരാണെന്നും, വ്യക്തിവൈരാഗ്യമാണ് ഷാജഹാന്റെ കൊലപാതകത്തിന് കാരണമെന്നും വിളിച്ചുപറയുകയുണ്ടായി. പ്രതികള്‍ ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിനൊപ്പവും മറ്റ് നേതാക്കള്‍ക്കൊപ്പവും നില്ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരികയുണ്ടായി. പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസും പ്രതികള്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിക്കുകയും, ഇങ്ങനത്തെ അസുരവിത്തുകള്‍ പാര്‍ട്ടി കുടുംബത്തില്‍ പിറന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയുകയും ചെയ്തു. കൃഷ്ണദാസിന്റെ ഈ പ്രസ്താവന ഒരു പാര്‍ട്ടി നേതാവും നിഷേധിച്ചിട്ടില്ല. പാര്ട്ടിക്കാര് മാത്രം താമസിക്കുന്ന പ്രദേശത്തുകാരാണ് കൊല്ലപ്പെട്ട ഷാജഹാനും കേസിലെ പ്രതികളും. ഇതൊക്കെ വസ്തുതകളായിരിക്കെ സിപിഎം സമ്പൂര്‍ണമായി പ്രതിരോധത്തിലാവുകയായിരുന്നു.
കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ പദ്ധതിയാണ്. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല, തങ്ങളില്‍പ്പെട്ടവരെയും നിഷ്കരുണം കൊന്നുതള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനു മടിയില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്തരം നിരവധി അരുംകൊലകള്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി ആചാര്യന്മാരായിരുന്ന പി. കൃഷ്ണപിള്ളയുടെയും അഴീക്കോടന്‍ രാഘവന്റെയും മരണങ്ങള് സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവരുടെ അപ്രതീക്ഷിതമായ മരണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിക്കാര്‍തന്നെയാണെന്നുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. പാമ്പു കടിയേറ്റാണ് കൃഷ്ണപിള്ള മരിച്ചത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഏതാണെന്ന ചോദ്യം സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴൊക്കെ ഉയരാറുള്ളതാണ്. അഴീക്കോടന്റെ കൊലപാതകത്തിനു പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കയ്യുള്ളതായി ചില വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കൊലചെയ്യുകയെന്നത് സിപിഎമ്മിന്റെ നയംതന്നെയാണ്. ഇത്തരം കൊലപാതകങ്ങള്‍ ആത്മഹത്യകളും അപകടമരണങ്ങളുമൊക്കെയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ടി.പി. ചന്ദ്രശേഖരനെ അതിനീചമായി കൊലപ്പെടുത്തുകയും, അത് മറ്റു ചിലരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് ആരും മറന്നിട്ടില്ല. ഒടുവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് മുഴുവന്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി ക്രിമിനലുകളുമായിരുന്നു. സിപിഎമ്മിനെ വെല്ലുവിളിച്ച് സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ച എം.വി. രാഘവനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ.
ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍തന്നെയാണെന്ന് പോലീസ് തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. ഷാജഹാന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടിക്കാര്‍തന്നെ ചെയ്യുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയ പ്രതിയോഗികളുടെ തലയില്‍ വച്ചുകെട്ടുന്നത് സിപിഎമ്മിന്റെ പതിവുശൈലിയാണ്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പറഞ്ഞത് കൊല നടത്തിയത് മുസ്ലിം തീവ്രവാദികളാണെന്നായിരുന്നുവല്ലോ. ഇതും പൊളിഞ്ഞപ്പോള്‍ ഒഞ്ചിയത്തെ പാറമട ലോബികളാണെന്നും പ്രചാരണം നടന്നു. എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞശേഷം ബോംബാക്രമണമായി ചിത്രീകരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തി പാര്‍ട്ടി വെട്ടിലായിരിക്കുകയാണല്ലോ. ആക്രമണം പാര്‍ട്ടിയുടെ അറിവോടെയായതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പോലീസിന്. ഇതേ പോലീസാണ് പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ ആള്‍മാറാട്ടം നടത്താന്‍ നോക്കുന്നത്. പോലീസിന്റെയും കോടതിയുടെയുമൊക്കെ പണി സ്വയം ഏറ്റെടുത്ത സിപിഎം, പ്രതികളെ നിശ്ചയിക്കുകയും ശിക്ഷ വിധിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയാണ്. സമ്പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്ന പോലീസ് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രീതി നിയമവാഴ്ചയെ അട്ടിമറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: