മയാമി: അമേരിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ചെസ് ടൂറിലെ ആറാമത്തെ മത്സരമായ എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ തുടര്‍ച്ചയായി നാലാം ജയം നേടി പ്രഗ്നാനന്ദ മുന്നില്‍. എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും നാല് ജയം നേടി പ്രഗ്നനാനന്ദയ്‌ക്കൊപ്പം മുന്നിട്ട് നില്‍ക്കുകയാണ്. വൈകാതെ ഈ ടൂര്‍ണ്ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും പ്രഗ്നാനന്ദയും തമ്മില്‍ ഏറ്റുമുട്ടും. ഈ കളികാണാന്‍ കാത്തിരിക്കുകയാണ് ചെസ് ലോകം.
നാലാം റൗണ്ട് പോരാട്ടത്തില്‍ പ്രഗ്നാനന്ദ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെ 3-1ന് തകര്‍ത്തു. ഇതോടെ നാല് കളിയിലെ ജയത്തില്‍ നിന്നായി 12 പോയിന്‍റുകള്‍ പ്രഗ്നാനന്ദ നേടി. ഓരോ മത്സരത്തിലും നാല് റാപിഡ് ഗെയിമുകളാണ് ഉണ്ടാവുക. ഇത് 2-2 സമനിലയില്‍ കലാശിച്ചാല‍് ഒരു ബ്ലിറ്റ്സ് ഗെയിം കളിക്കും. ലെവൊണ്‍ ആറോണിയനുമായുള്ള നാല് റാപിഡ് കളികളില്‍ ആദ്യ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. മൂന്നാമത്തേതില്‍ വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച പ്രഗ്നാനന്ദ 44ാം നീക്കത്തില്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ചു.
ഈ ടൂര്‍ണ്ണമെന്‍റില്‍ വന്‍താരങ്ങളെ വീഴ്‌ത്തി പ്രഗ്നാനന്ദ ഉജ്ജ്വല ഫോമിലാണ്. ആദ്യ റൗണ്ടില്‍ ഇറാന്റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയാണ് തോല്‍പിച്ചത്. രണ്ടാം റൗണ്ടില്‍ ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെ അട്ടിമറിച്ചു. മൂന്നാം റൗണ്ടില്‍ അമേരിക്കയിലെ യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയാണ് പ്രഗ്നാനന്ദ തോല്‍പിച്ചത്.
ലോക ഒന്നാം നമ്പര്‍ താരം മാഗ്നനസ് കാള്‍സണ്‍ നാലാം റൗണ്ടില്‍ ചൈനയുടെ ക്വാങ് ലിയെം ലെയെ 3-1ന് തകര്‍ത്ത് 12 പോയിന്‍റുകള്‍ നേടി പ്രഗ്നാനന്ദയുടെ ഒപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ഓരോ മത്സരം ജയിച്ചാലും വിജയികള്‍ക്ക് 7500 ഡോളര്‍ വീതം ലഭിയ്‌ക്കും. ഇനി മൂന്ന് റൗണ്ടുകള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: