കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമന പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണം. സര്‍വകാലാശാലയില്‍ നധികൃതമായി നിയമനം നേടിയെടുക്കുകയാണ്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്നും അവരെ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നിയമനത്തിനായുള്ള റിസര്‍ച് സ്കോര്‍ പ്രിയ വര്‍ഗീസിന്റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്കറിയയ്ക്ക് 651 പോയിന്റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
അതിനു പിന്നാലെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന് മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ കണ്ണൂര്‍ വിസിക്കെതിരെ ഗവര്‍ണര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൂചന. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിക്ക് വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ചശേഷം ആയിരിക്കും നടപടി.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിസിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ ദല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ വിഷയത്തില്‍ നടപടി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം നല്കിയതും ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രിയ വര്‍ഗീസിന് പട്ടികയില്‍ ഒന്നാം സ്ഥാനം നല്കിയതിനുള്ള പ്രത്യുപകാരമായാണ് വിസിക്ക് പുനര്‍ നിയമനം നല്‍കിയതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: