പാലക്കാട്: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടികൂടി. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരം പാല് പരിശോധനാകേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മായംകലര്‍ത്തിയ പാല് പിടികൂടിയത്.
പ്രാഥമിക പരിശോധനയില്‍ പാലിന്റെ കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതിനായി യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതേത്തുടര്‍ന്ന് പാല് കൊണ്ടുവന്ന ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. ഓണത്തോടനുബന്ധിച്ച് പടിഞ്ഞാറന്‍ ജില്ലകളിലേക്ക് മായം ചേര്‍ത്ത കൂടുതല്‍ പാല് വണ്ടികള്‍ എത്തുമെന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്കാണ് കീടനാശിനി കലര്‍ന്ന പാല് കൊണ്ടുപോവുന്നത്. മീനാക്ഷിപുരം വഴി മാത്രമെ തമിഴ്നാട് പാല് കേരളത്തിലേക്ക് കടത്താവു എന്ന് സംസ്ഥാനക്ഷീര വകുപ്പിന്റെ നിബന്ധന നിലവിലുണ്ട്. എല്ലാവര്‍ഷവും ഓണക്കാലത്ത് നിലവിലുള്ളതിന്റെ പത്തിരട്ടിയോളം അധികം പാല് കേരളത്തില്‍ ആവശ്യമായി വരുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മായം ചേര്‍ത്ത പാല് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്. ക്ഷീര വികസന ഓഫീസര്‍ സി.എം. അഭിന്‍, അനലിസ്റ്റ് ട്രെയിനി അക്ഷയ, എബിന്, പ്രിയേഷ്, ശാന്തകുമാരി എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: