തിരുവനന്തപുരം: സഹകരണ വകുപ്പുമായി ചേർന്ന് ‘മെയ്ഡ്-ഇൻ കേരള’ ഉൽപ്പന്നങ്ങളുടെ സൂപ്പർമാർക്കറ്റ് ശൃംഖല തുടങ്ങുന്നതിന് ആലോചനയുണ്ടെന്നും ഇക്കാര്യം ചർച്ചചെയ്തു വരികയാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. സംരംഭങ്ങളിൽ നിന്നുള്ള ഉൾപ്പന്നങ്ങൾ മെയഡ് -ഇൻ-കേരള എന്ന ബ്രാൻഡിങ് നൽകുന്നതിനും വിപണിയിലെത്തിക്കുന്നതിനും പ്രധാന പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപപിച്ച ‘കേരളത്തിന്‍റ വ്യവസായ വികസനവും ബാങ്കിങ് മേഖലയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ മാത്രം വിചാരിച്ചാൽ സംരഭങ്ങളുണ്ടാകില്ല. ബാങ്കുകൾക്ക് കൂടി ഇക്കാര്യത്തിൽ പങ്കാളിത്തം വേണം. എങ്ങനെ വായ്‌പ കൊടുക്കാതിരിക്കാം, എന്നല്ല എങ്ങനെ കൊടുക്കാനാകും എന്നാണ് നോക്കേണ്ടത്. വലിയ കമ്പനികൾക്ക് ബാങ്കുകൾ അങ്ങോട്ട് പോയി വായ്‌പ കൊടുക്കും. എന്നാൽ ബാങ്കിലേക്ക് ചെന്നാൽ പോലും വായ്‌പ നൽകില്ലെന്നുള്ള ധാരണ പല ചെറുകിട സംരംഭകർക്കുമുണ്ട്. ഒരു പക്ഷേ ഇത് തെറ്റിദ്ധാരണയാകാം. സംരംഭക വിഷയങ്ങളിലെ പുതിയ നയങ്ങളും പ്രവണതകളും സംബന്ധിച്ച് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് ഗുണകരമായിരിക്കും.
തുടങ്ങുന്ന സംരംഭങ്ങളിൽ 30 ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് ദേശീയതലത്തിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തൽ. ഇത്തരത്തിൽ പാതിവഴിയിലെ അടച്ചുപൂട്ടൽ തടയുന്നതിന് ടെക്നോളജി ക്ലിനിക്കുകളടക്കം വ്യവസായ വകുപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് പുതിയ ഫുഡ് പാർക്കുകൾ ഈ വർഷം ആരംഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകളിൽ നാലെണ്ണം ഈ മാസം തുടങ്ങും.
സംരംഭങ്ങളുടെ കാര്യത്തിൽ പരിമിതികളും സാധ്യതകളും കേരളത്തിലുണ്ട്. ഭൂമി കുറവാണെന്നതാണ് പ്രധാന പ്രശ്നം. ഒരറ്റത്ത് പശ്ചിമഘട്ടവും മറ്റേ അറ്റത് സി.ആർ.ഇസഡ് നിബന്ധനകളും മധ്യഭാഗത്ത് തണ്ണീർത്തട നിയന്ത്രണങ്ങളുമാണ്. ഒപ്പം ജനസാന്ദ്രതയും ഏറെയാണ്. നെഗറ്റീവ് വാർത്തകൾക്ക് പകരം ക്രിയാത്മക വിമർശനങ്ങളാണാണ് മാധ്യമങ്ങളിൽ നിന്നുണ്ടാകേണ്ടത്. ഇപ്പോൾ ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ടെന്നും സംശയത്തിന്റെ കണ്ണട മാറി പകരം വിശ്വാസത്തിന്റെ കണ്ണട വന്നുവെന്നതാണ് പുതിയകാല അനുഭവമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്.ബി.ഐ കേരള സർക്കിൽ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡ്ഢി അധ്യക്ഷനായി. കേരളത്തിന്റെ എല്ലാ വികസന സംഭംഭങ്ങൾക്കും എസ്‌ബിഐയുടെ സഹായമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കെ.യു.ഡബ്യൂ.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി റെജി, വ്യവസായ പ്രമുഖരായ എം.എ സിറാജുദ്ദീൻ, മുഹമ്മദ് റസീഫ്, എസ്.കൃഷ്ണകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, കെ.യു.ഡബ്യൂ.ജെ ജില്ല സെക്രട്ടറി അനുപമ ജി. നായർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: