തൃശൂർ: ആധ്യാത്മിക ആചാര്യനും ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി യുമായ സ്വാമി അയ്യപ്പദാസിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ശബരിമല അയ്യപ്പ സേവാ സമാജം. ആക്രമത്തെ മുഴുവൻ സന്യാസി സമൂഹത്തിനു നേരെ നടത്തിയ ഒരു വെല്ലുവിളിയായാണ് കരുതുന്നതെന്ന് അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈ റോഡ് രാജൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ വച്ചായിരുന്നു സ്വാമി അയ്യപ്പദാസിനെതിരെ ആക്രമണം നടന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെ തടയുകയും സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ ആക്രമണം വധശ്രമമായി സംശയിക്കേണ്ടിയിരിക്കുന്നു. ആധ്യാത്മിക ധാർമ്മിക വിഷയങ്ങളിൽ എന്നും മുൻ നിരയിൽ നിറ സാന്നിധ്യമായി നിലയുറപ്പിക്കുന്ന വ്യക്തിയാണ് സ്വാമി അയ്യപ്പദാസ് .
ഒരു വിഭാഗം ജനങ്ങളേയും മനസാ വാചാ കർമ്മണാ ഉപദ്രവിക്കാതെ, മുഴുവൻ ജന സമൂഹത്തിന്റെയും നന്മക്കായി അക്ഷീണം പ്രവർത്തിച്ചു വരുന്ന ഒരു വ്യക്തിയാണു അദ്ദേഹം. അങ്ങനെ ഉള്ള വ്യക്തികൾക്കു കൂടി സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാൻ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നതിൽ ദു:ഖിക്കുകയാണ് ഞങ്ങൾ. മുഴുവൻ സന്യാസി സമൂഹത്തിനു നേരെ നടത്തിയ ഒരു വെല്ലുവിളിയായാണ് ഇതിനെ കരുതേണ്ടത്. ജമാൽ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അയ്യപ്പദാസ് സ്വാമി രക്ഷപ്പെട്ടത്.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ സ്ഥാപക ട്രസ്റ്റിയും ഒട്ടനവധി ആധ്യാത്മിക സംഘടനകളുടെ അമരക്കാരനുമായ സ്വാമിജിയെ വധിക്കാൻ ആസൂത്രണം ചെയ്തു വന്ന മുഴുവൻ കുറ്റവാളികളേയും ഉടനെ തന്നെ അറസ്റ്റ് ചെയ്തു, തക്കതായ ശിക്ഷ കൊടുക്കുന്നതിന് ഇവിടുത്തെ പോലീസും സർക്കാരും തയ്യാറാകണം എന്ന് ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടുകയാണെന്നും കുറിപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക