ഉദുമ: സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. സ്കൂളുകള്‍ തുറന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനായി ചെലവാക്കിയ തുക ഇത്വരെ അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.
വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ പാചകത്തിന് ആവശ്യമായ ഗ്യാസ് നല്കുന്ന ഏജന്‍സികള്‍ പണം നല്‍കാതെ ഗ്യാസ് നല്കാന് കഴിയില്ല എന്ന നിലപാടിലാണ്. ഇതും വിദ്യാലയ അധികൃതരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 5 മുതല്‍ 15 സിലിണ്ടര്‍ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പാചക തൊഴിലാളികള്‍ക്കും വേതനം നല്‍കിയിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് രണ്ട് കറി നല്‍കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ അതും തരണം ചെയ്യണം. ഇതിന് പല സ്കുളുകളും സ്വന്തമായി പച്ചക്കറി തോട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിശേഷദിവസങ്ങളായ പിറന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊണ്ടുവരാനാണ് ആവശ്യപ്പെടാറ്.
അത് കാരണം ചില ദിവസങ്ങളില്‍ നല്ല കറികള്‍ കൊടുക്കാന്‍ കഴിയുന്നതായി അദ്ധ്യാപകര്‍ പറയുന്നു. മിക്ക വിദ്യാലയങ്ങള്‍ക്കും രണ്ട് മാസം കൊണ്ട് ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ വകയില്‍ കിട്ടാനുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് ഒരു മാസം 50,000 രൂപ മുതല്‍ 4.5 ലക്ഷം രൂപയുടെ വരെ ബാധ്യത വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കടക്കാരുടെ അക്കൗണ്ടിലേക്കേ പണം നല്കു എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതായി വിദ്യാലയ അധികൃതര്‍ പറയുന്നു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തപ്പോഴാണ് പ്രധാനാധ്യാപകര്‍ കയ്യില്‍ നിന്നും പണം നല്കാന് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: