മണ്ണാര്‍ക്കാട്: കൃഷി നശിപ്പിച്ചും ജനങ്ങളെ ഭീതിയിലാക്കിയും മണ്ണാര്‍ക്കാട്ടും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം. ആനകളെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ പരിശ്രമം വിഫലമായി. മണ്ണാര്‍ക്കാട് നഗരത്തിന് നാലുകിലോമീറ്റര്‍ അടുത്തുവരെ എത്തിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ചേറുംകുളം ഗോപാലകൃഷ്ണന്റെ കരിമ്പന്‍ കുന്നിലുള്ള കൃഷിയിടത്തില്‍ ഇറങ്ങിയ ഇവ തെങ്ങ്, കവുങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തിരുവഴാംകുന്ന് മേഖലയിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കരടിയോട്, ചെന്നീരി ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാന താളിയില്‍ അബ്ബാസ്, അറക്കല്‍ ജോയ് എന്നിവരുടെ തെങ്ങുകളും കവുങ്ങുകളും ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിച്ചു. ചെന്നീരി ഭാഗത്താണ് കാട്ടാനങ്ങള്‍ തമ്പടിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ നൂറോളം വരുന്ന വനംവകുപ്പ്, പോലീസ്, നാട്ടുകാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ആനകള്‍ കാടുകയറിയിട്ടില്ല.
കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈറിന് പരാതിയും നല്കി. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് കര്‍ഷകരും നാട്ടുകാരും തയാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: