കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചെന്ന് എറണാകുളം കളക്ടര്‍ രേണു രാജ്. അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കളക്ടര്‍ രേണു രാജിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് രേണുരാജിന്റെ മറുപടി.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നില്ല.രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു.വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നും അവര്‍ കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് നാലിന് രാവിലെ 8.25 നാണ് ജില്ലാ കളക്റ്റര്‍ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. വൈകിയുള്ള ഈ അവധി പ്രഖ്യാപനം വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സ്കൂളുകളേയും ഒരുപോലെ സങ്കടത്തിലാക്കിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണവും നല്കി.
രാത്രിയില്‍ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: