തിരുവനന്തപുരം: വിസി നിയമനത്തിനായി കേരള സര്‍വകലാശാല നോമിനിയെ നല്‍കാത്തതിനാല്‍ ആസ്ഥാനം ഒഴിച്ചിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു. ഗവര്‍ണറുടെ നോമിനിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജി, യുജിസി നോമിനിയായി കര്‍ണാടകയിലെ കേന്ദ്ര സര്‍വകലാശാല വിസി പ്രൊഫ. ബട്ടു സത്യനാരായണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്.
സര്‍വകലാശാലയുടെ നോമിനിയെ നല്‍കുന്ന മുറയ്‌ക്ക് ഉള്‍പ്പെടുത്തുമെന്നു ഉത്തരവില്‍ പറയുന്നു. സര്‍വകലാശാല നോമിനിയായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവര്‍ണറെ സര്‍വകലാശാല അറിയിക്കുകയായിരുന്നു.
വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാന്‍ അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. ഓര്‍ഡിനന്‍സ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സര്‍ക്കാരിന്റെയും സര്‍വകലാശാലയുടേയും നീക്കം. ഗവര്‍ണറുടെ ഉത്തരവ് സര്‍ക്കാരിന് മറികടക്കുക എന്നത് പ്രയാസം സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: