കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അയ്മന് അല്‍ സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരസംഘടന അല്‍ ക്വയ്ദയുടെ തലപ്പത്തേക്ക് പുതിയ ഭീകരന് എത്തുന്നു. മുതിര്‍ന്ന അല്‍ഖ്വയ്ദ അംഗം സെയ്ഫ് അല്‍അദല്‍ ഗ്രൂപ്പിന്റെ അടുത്ത നേതാവായി ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് ചെയ്തു.
2011 മെയ് മാസത്തില്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സവാഹിരി അല്‍ ക്വയ്ദ തലപ്പത്ത് എത്തിയത്.
എഫ്ബിഐയുടെ രേഖകള്‍ പ്രകാരം 1963 ഏപ്രില്‍ 11 നാണ് അദല്‍ ജനിച്ചത്. സവാഹിരിയെപ്പോലെ, അദലും ഒരു ഈജിപ്ഷ്യന്‍ പൗരനാണ്, കൂടാതെ തന്റെ രാജ്യത്തിന്റെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു, കേണല്‍ പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സവാഹിരി സ്ഥാപിച്ച ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അദല്‍ ഒരു സ്ഫോടകവസ്തു വിദഗ്ധനാണെന്ന് വിശ്വസിക്കപ്പെടുന്നു.
എഫ്.ബി.ഐ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ ആയി മാറിയ അദല്‍ അമേരിക്കന്‍ പൗരന്മാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും യുഎസിന്റെ വസ്തുക്കളും കെട്ടിടങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുകയും തുടങ്ങി ദേശീയ പ്രതിരോധ യൂട്ടിലിറ്റികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഭീകരനാണ്.
1998 ഓഗസ്റ്റില്‍ ടാന്‍സാനിയിലെ ഡാര് എസ് സലാമിലെ അമേരിക്കന്‍ എംബസികളെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണവുമായി ബന്ധപ്പെട്ട് തിരയുന്ന തീവ്രവാദ കമാന്‍ഡറെ നേരിട്ട് അറസ്റ്റ് ചെയ്യുന്നതിനോ ശിക്ഷിക്കുന്നതിനോ നല്കുന്ന വിവരങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 10 മില്യണ്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1993 ഒക്ടോബറില്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ 18 യുഎസ് സൈനികരുടെയെങ്കിലും മരണത്തിന് കാരണമായ കുപ്രസിദ്ധമായ ‘ബ്ലാക്ക് ഹോക്ക് ഡൗണ്‍’ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് സെയ്ഫ് അല്‍ അദലാണ്. ഒരു കാലത്ത് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്നു സെയ്ഫ് അല്‍ അദല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: