വർക്കല: ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.30 മണിയോടെയാണ് ഇയാൾക്ക് തീപ്പൊള്ളൽ എൽക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ വർക്കല ഇലകമൺ കരവാരത്തെ ഭാര്യ റെഫിനായുടെ വീടായ ആർ.എസ് മൻസിലിൽ ഭാര്യയെയും മകനെയും കാണാൻ എത്തിയതായിരുന്നു അഹമ്മദാലി. കൈയിൽ പെട്രോൾ നിറച്ച കുപ്പിയിമായി എത്തിയ ഇയാളെ കണ്ട് തങ്ങളെ അക്രമിക്കുമോ എന്ന് ഭയന്ന റെഫിനായുടെ പിതാവ് റഫീക്ക് വാതിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് വീടിന്റെ പിറകിലെ വാതിലും പൂട്ടി എത്തുമ്പോൾ ജനലിലൂടെ തീ പിടിച്ച നിലയിൽ അഹമ്മദാലിയെ കണ്ടു എന്നാണ് റഫീക്ക് പോലീസിന് നൽകിയ മൊഴി. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ 90 ശതമാനത്തോളം ശരീരത്തിൽ പൊള്ളൽ എറ്റിരുന്നു.
അഹമ്മദാലിയും ഭാര്യ റെഫിനായും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടരമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. മുൻപ് സന്ദർശക വിസയിൽ വിദേശത്തു പോയി വന്ന ശേഷമാണ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും പിരിഞ്ഞു കഴിയുന്നതും. ഇതിനിടയിൽ രണ്ട് വട്ടം അഹമ്മദാലി റെഫിനായുടെ വീട്ടിൽ പെട്രോളുമായി എത്തുകയും വധഭീഷണിയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി റെഫിനായുടെ പിതാവ് റഫീക്ക് പറയുന്നുണ്ട്.
എന്നാൽ അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുൻപും ആത്മഹത്യ ശ്രമം നടത്തുകയും റെഫിനായുടെ കുടുംബം പരാതിയുമായി അയിരൂർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു എന്ന് കുടുംബം ചുണ്ടികാട്ടുന്നുണ്ട്.
വരുന്ന തിങ്കളാഴ്ച വീണ്ടും വിദേശത്തേയ്‌ക്ക് മടങ്ങി പോകാൻ ഇരുന്ന അഹമ്മദാലി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഹമ്മദാലിയുടെ സഹോദരീ ഭർത്താവായ നിസാമുദ്ദീനെ ഫോണിൽ വിളിക്കുകയും വർക്കലയിലെ ഭാര്യവീട്ടിലേക്ക് പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അതുപോലെ അവരെ ഒന്ന് ഭയപ്പെടുത്തുന്നതിനുവേണ്ടി ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ട് എന്നും മുഹമ്മദാലി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നതായി സഹോദരി ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ വീട്ടിൽ വഴക്ക് നടന്നത് കെട്ടില്ലെന്നും നിലവിളി കേട്ട് ഓടിയെത്തിയത് ആണെന്നുമാണ് അയൽക്കാരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: