ചെന്നൈ: ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേര്‍ന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ടീമിന് ചെന്നൈയിലെ യു.എസ്. കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റേവിന് ഊഷ്മള വരവേല്‍പ്പ് നല്കി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോണ്‍സല്‍ ജനറല്‍ റേവിന് ഇന്ത്യന്‍ ചെസ് ഫെഡറേഷനും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കുന്ന യു.എസ്. ടീമംഗങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. ചെന്നൈയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് ചെസ് ജനകീയമാക്കാന്‍ എങ്ങനെ സഹായിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ചെസ്സ് പ്രേമികളെ ഈ ആഗോളമത്സരം ഒന്നിപ്പിക്കുന്നതെങ്ങനെയെന്നും കോണ്‍സല്‍ ജനറല്‍ റേവിന് കളിക്കാരുമായി ചര്‍ച്ച ചെയ്തു.
‘ചെന്നൈ ചെസ് ഒളിമ്പ്യാഡില്‍ നിങ്ങള്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഗാധമായ പങ്കാളിത്തത്തിന്റെ അടിത്തറ രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളാണ്; നിങ്ങളെപ്പോലുള്ള കായിക നയതന്ത്രജ്ഞര്‍ രൂപപ്പെടുത്തിയ ബന്ധങ്ങള്‍,’ കോണ്‍സല്‍ ജനറല്‍ റേവിന് ഗ്രാന്‍ഡ് മാസ്റ്റേഴ്സ് (ജി.എം.), ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് (ഐ.എം.), വിമന്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് (ഡബ്ല്യു.ജി.എം.) എന്നിവരടങ്ങുന്ന യു.എസ്. സംഘാംഗങ്ങളോട് പറഞ്ഞു. യു.എസ്.ഇന്ത്യ ബന്ധത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡ് നടക്കുന്നതില്‍ ചെന്നൈയിലെ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം ആവേശഭരിതമാണെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി യു.എസ്. ടീമുകള്‍ കാണുന്നുവെന്ന് ഓപ്പണ്‍ വിഭാഗത്തിലെ യു.എസ്. ടീം ക്യാപ്റ്റന്‍ ജോണ്‍ ഡൊണാള്ഡ്സണ് പറഞ്ഞു. ‘ചെസ്സിന്റെ ജന്മസ്ഥലമായി പലരും കണക്കാക്കുന്ന നാടാണ് ഇന്ത്യ. അത് കൊണ്ട് തന്നെ പ്രശസ്തമായ ചെസ് ഒളിമ്പ്യാഡ് ഇവിടെ ആദ്യമായി നടക്കുന്നത് തികച്ചും അനുയോജ്യമാണ്,’ ജോണ്‍ ഡൊണാള്ഡ്സണ് പറഞ്ഞു. ദേശീയപ്രാദേശിക ഗവണ്മെന്റുകളുടെ പിന്തുണയോടെ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ വൈകിയ വേളയില്‍ സന്നദ്ധത അറിയിച്ച ഇന്ത്യന്‍ ചെസ് ഫെഡറേഷന് പ്രത്യേകം നന്ദി പ്രകടിപ്പിച്ച അദ്ദേഹം വരാനിരിക്കുന്ന ആവേശകരമായ മത്സരത്തിലേക്ക് ഉറ്റുനോക്കുന്നുവെന്നും പറഞ്ഞു.
ആദ്യമായി ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി യു.എസ്. വനിതാ ടീം ക്യാപ്റ്റന്‍ മെലിക്സെറ്റ് ഖുച്ചിയാന്‍ പറഞ്ഞു. ‘ശക്തമായ ചെസ് പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന് ആനന്ദിന്റെ രാജ്യമാണിത്. ചെസ്സിന്റെ വലിയ ചരിത്രം കൈവശമുള്ള ഇടമാണ് ചെന്നൈ. വിശ്വനാഥന് ആനന്ദും മാഗ്നസ് കാള്‍സണും ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ആദ്യമായി ഏറ്റുമുട്ടിയതും ചെന്നൈയിലാണ്, 2013ല്‍. നിരവധി മികച്ച ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇപ്പോള്‍ ലോക ചെസ് രംഗത്ത് ഒരു നേതാവായി മാറിയിരിക്കുകയാണ്. ഈ ലോക ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ യു.എസ്. ടീം ആവേശഭരിതരാണ്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമം,’ ഖുച്ചിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐ.എം.) ജോണ്‍ ഡൊണാള്ഡ്സണ് ക്യാപ്റ്റനായ യു.എസ്. ടീം ഓപ്പണ്‍ വിഭാഗത്തിലെ 187 ടീമുകളില്‍ ആദ്യ സീഡാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ (ജി.എം.) ഫാബിയാനോ കരുവേന, ജി.എം. ലെവോണ്‍ ആരോണിയന്, ജി.എം. വെസ്ലി സോ, ജി.എം. ലൈനിയര്‍ ഡൊമിംഗസ്, ജി.എം. സാം ഷെങ്ക്ലന്ഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ജി.എം. റോബര്‍ട്ട് ഹെസ് ആണ് പരിശീലകന്.
വനിതാ വിഭാഗത്തില്‍ ക്യാപ്റ്റന്‍ ജി.എം. മെലിക്സെറ്റ് ഖുച്ചിയാന്‍ നയിക്കുന്ന യു.എസ്. ടീം 162 ടീമുകളില്‍ എട്ടാം സീഡാണ്. ജി.എം. ഇറീന ക്രഷ്, ഐ.എം. കരിസ യിപ്, ഐ.എം. ആനാ സാറ്റന്സ്ക, വുമന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ (ഡബ്ല്യു.ജി.എം.) താതേവ് അബ്രഹാമിയന്, ഡബ്ല്യു.ജി.എം. ഗുല്രൂക്ബേം ടോകിറോയൊനോവ എന്നിവരടങ്ങുന്നതാണ് വനിതാ ടീം. ജി.എം. അലെഹാന്ദ്രോ റമീറെസ് ആണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: