തൃശൂര്‍: പാലും മുട്ടയും പിന്നെ രണ്ടുകൂട്ടം കറിയും. സ്‌കൂളിലെ ഉച്ചക്ഷണ മെനു കണ്ടാല്‍ സര്‍ക്കാരിനെ എല്ലാവരും പുകഴ്‌ത്തും. എന്നാല്‍, ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ കീശ കാലിയായ അവസ്ഥയിലാണ് അധ്യാപകര്‍. പ്രത്യേകിച്ചും പ്രധാനാധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകനും. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പിടിഎകളും പ്രതിസന്ധിയിലാണ്.
ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. സര്‍ക്കാര്‍ ഫണ്ട് നിലച്ചാലും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. അരി സൗജന്യമായി ലഭിക്കുന്നതൊഴികെ പാല്‍, മുട്ട, പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം എന്നിവ വാങ്ങാനുള്ള ചെലവും കയറ്റിറക്കു കൂലിയും മറ്റുള്ള ചെലവുകളും പ്രധാനാധ്യാപകര്‍ വഹിക്കണമെന്നാണു നിര്‍ദേശം.
കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോ സ്‌കൂളിനും 20,000 മുതല്‍ 2 ലക്ഷം രൂപ വരെ വരുന്നുണ്ട്. നിര്‍ധന വിദ്യാര്‍ഥികളും ഗോത്ര വിദ്യാര്‍ഥികളും ഏറെയുള്ള ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാല്‍ കൊഴിഞ്ഞുപോക്കു വര്‍ധിക്കും. ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടണമെങ്കില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നു പ്രധാനാധ്യാപകര്‍ പറഞ്ഞു.
സര്‍ക്കാരിലേക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫണ്ട് എന്നു നല്‍കുമെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
2016 ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് 7 മുതല്‍ 8 രൂപ വരെയാണു നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചയ്‌ക്ക് തോരനടക്കമുള്ള കറികള്‍. ആദ്യത്തെ 150 കുട്ടികള്‍ക്ക് 8 രൂപയും 380 വരെ 7 രൂപയും പിന്നീട് ഒരു കുട്ടിക്ക് 6 രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശരാശരി 7 രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്‌കൂളിന് ഒരു നേരത്തെ ഭക്ഷണത്തിന് 800 രൂപയാണു ലഭിക്കുക.
800 രൂപയ്‌ക്ക് 100 ഊണ് എങ്ങിനെ വിളമ്പുമെന്ന് ചിന്തിച്ചാല്‍ മതി. പല അധ്യാപകരും സ്വന്തം കൃഷിയിടത്തിലെയും അയല്‍ക്കാരന്റെ കൃഷിയിടത്തിലെയും ചീരയും മുരിങ്ങയും ചേമ്പും ചേനയുമൊക്കെ പറിച്ചുകൊണ്ടു വരേണ്ട അവസ്ഥയാണ്.
തൊഴിലാളികളും പരിഭവത്തില്‍
പാചകത്തൊഴിലാളികള്‍ക്കും സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. 501നു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ 2 പാചകക്കാരെയാണ് അനുവദിക്കുക.
1500ന് മുകളില്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളിലും 2 പേര്‍ മാത്രമാണുള്ളത്. ഇതിനു മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: