തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശവുമായി കോടതി. കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ 14 ന് കേസിലെ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് ഇവര്‍ക്കെതിരായ കേസുകള്‍. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന് എന്നിവരും കേസിലെ പ്രതികളാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ഉള്‍പ്പടെ ഹര്‍ജി തള്ളുകയാണ് ഉണ്ടായത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയേയും ചോദ്യം ചെയ്താണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎം കോടതി ഉത്തരവിട്ടത്. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും കോടതി നടപടികള്‍ തുടരാനുമായിരുന്നു നിര്‍ദ്ദേശം.
അതേസമയം നിയമസഭാ കയ്യാങ്കളിക്കേസില്‍ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: