ന്യൂദല്‍ഹി:കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയെ ചൊവ്വാഴ്ച ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍ നേരം. ഇന്ദിരാഗാന്ധിയുടെ മരുമകളായതുകൊണ്ട് ചോദ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസുകാരും ഗാന്ധി കുടുംബവും കരുതുന്നതില്‍ അര്‍ത്ഥമില്ലെന്ന പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഞാന്‍ ഇന്ദിരയുടെ മരുമകളായതിനാല്‍ ഭയമില്ലെന്ന് പറയുന്ന സോണിയയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ ഉയരുന്നത്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. പ്രതിഷേധിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു.
സാധനങ്ങള്‍ തീയിടുന്നതുള്പ്പെടെ വലിയ അക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യ തലസ്ഥാനത്ത് നടത്തിയത്. രാവിലെ 11.15ഓടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഉച്ചഭക്ഷണത്തിന് ഇടവേള നല്കി വീണ്ടും ചോദ്യം ചെയ്തു. കൂടെ മകള്‍ പ്രിയങ്ക മരുന്നുകള്‍ സഹിതം 75 വയസ്സായ അമ്മയ്ക്കൊപ്പമെത്തി.
സോണിയയുടെ വീടിനും ഇഡി ഓഫീസിനും ഇടയില്‍ ഒരു കിലോമീറ്റര്‍ ദൂരം വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യാന്‍ രണ്ട് ആംബുലന്‍സുകളും ഡോക്ടര്‍മാരെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വെറും രണ്ട് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. 24 ചോദ്യങ്ങളാണ് ഇഡി നല്‍കിയത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു സ്വത്തായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുടമസ്ഥാവകാശം സോണിയയും രാഹുലും ഉള്‍പ്പെടെ ഏതാനും പേരിലേക്ക് മാറ്റിയത് വഴി ഏകദേശം 5000 കോടിയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇത്രയും സ്വത്ത് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലേക്ക് മാറ്റപ്പെട്ടുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: