തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലം ഹൈക്കോടതിയില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയന് മാപ്പുപറയണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. പോലീസ് നരനായാട്ടില്‍ പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം.
റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അപക്വമായ പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തോടും മാപ്പുറയണം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ- റെയില്‍ കോര്പ്പറേഷന് പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയില്‍ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സര്‍ക്കാരിന് ബിജെപി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: