കണ്ണൂര്‍: കൂത്തുപറമ്പ് പാനുണ്ടയിലെ ബിജെപി പ്രവര്‍ത്തകന്‍ ഇന്നലെ പുലര്‍ച്ച കുഴഞ്ഞ് വീണ് മരിക്കുന്നതിന് വഴിയൊരുക്കിയത് സിപിഎം അക്രമം. പയ്യന്നൂരിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരം ഏതാനും ദിവസം മുമ്പ് നടന്ന ബോംബേറിന്റെ തുടര്‍ച്ചയാണ് പാനുണ്ടയില്‍ കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയ അക്രമവും. ഫണ്ട് വെട്ടിപ്പ് വിവാദവും ഭരണതലത്തിലുയര്‍ന്നിരിക്കുന്ന വിവാദങ്ങളും കാരണം പ്രതിരോധത്തിലായ സിപിഎം ജില്ലയിലാകെ അക്രമം വ്യാപിപ്പിച്ച് ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പാനുണ്ട മേഖലയിലെ അക്രമവും എന്ന് വ്യക്തമാണ്.
യാതൊരു കാരണവുമില്ലാതെയാണ് പാനുണ്ടയിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം സംഘടിച്ചെത്തി ഞായറാഴ്ച വൈകുന്നേരം അക്രമം നടത്തിയത്. അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ ഇന്നലെ കുഴഞ്ഞു വീണ് മരിച്ച പാനുണ്ടയിലെ ജിംനേഷിനും മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ ശാരീരിക അസ്വസ്ഥതയും മാനസികമായ ബുദ്ധിമുട്ടുമാണ് കുഴഞ്ഞ് വീണ് മരിക്കുന്നതിലേക്ക് നയിച്ചത് എന്നതിനാല്‍ തന്നെ സിപിഎം നേതൃത്വമാണ് ജിംനേഷിന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് വ്യക്തമാണ്.
ഞായറാഴ്ച വൈകുന്നേരം പാനുണ്ടയില്‍വെച്ച് സിപിഎം സംഘത്തിന്റെ മര്‍ദ്ദനമേറ്റ് സഹോദരനോടൊപ്പം ആശുപത്രിയിലെത്തിയ ജിംനേഷ് പുലര്‍ച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എ. ആദര്‍ശ്, പി.വി. ജിഷ്ണു, ടി. അക്ഷയ്, കെ.പി. ആദര്‍ശ് എന്നീ പ്രവര്‍ത്തകര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരോടൊപ്പം മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ല.
പ്രവര്‍ത്തകരെ അക്രമിച്ചതിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ടി. അക്ഷയ്‌യുടെ വീടിന് നേരെ അക്രമമുണ്ടായിയെന്നതും സിപിഎം വളരെ ആസൂത്രിതമായി അക്രമങ്ങള്‍ നടത്തിയെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിണറായി പെനാങ്കിമെട്ടയിലെ അക്ഷയ്‌യുടെ വീടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കൊടിതോരണങ്ങള്‍ സിപിഎം സംഘം പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നു.
ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രണ്ടാഴ്ച മുമ്പ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ അക്രമത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞിരുന്നു. ബോംബേറ് നടത്തി ജില്ലയിലാകെ അക്രമം വ്യാപിപ്പിക്കാനുളള സിപിഎം ശ്രമം സംഘപരിവാര്‍ നേതൃത്വത്തിന്റെ ആത്മസംയമനം കാരണം ഒഴിവാകുകയായിരുന്നു. ഭരണത്തണലില്‍ ഒന്നിന് പിറകെ ഒന്നായി അക്രമം നടത്തുന്ന സിപിഎം നിലാപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: