ആര്. കൃഷ്ണനുണ്ണി
ഭാഷയുടെ പ്രൗഢി കൊണ്ടും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ടും ചരിത്രത്താളുകളില്‍ ഇടംപിടിക്കേണ്ടിയിരിക്കുന്ന കുണ്ടറ വിളംബരം പാഠ്യപദ്ധതിയുടെ പോലും ഭാഗമാകാതെ അവഗണിക്കപ്പെട്ടതാണ് കേരളം ആ ദീപ്തസ്മരണയ്ക്ക് നല്കിയ സംഭാവന. വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം വിളംബരം നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കാവിനുള്ളില്‍ ഇപ്പോഴും ആ വിളംബരത്തറ കാണാം.
സ്മാരക സ്തൂപം
ഇളമ്പള്ളൂരിലെ വിളംബര സ്മാരക സ്തൂപം രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും തുടക്കം കുറിക്കാനുള്ള ഇടമാണിന്ന്. സ്തൂപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് കുണ്ടറയില്‍ നടക്കുന്ന എല്ലാ പരിപാടികളുടെയും തുടക്കം. 2005 സപ്
തംബര്‍ 14ന് എംപി എന്‍.കെ പ്രേമചന്ദ്രനാണ് സ്തൂപത്തിന് തറക്കല്ലിട്ടത്. എംപി പി. രാജേന്ദ്രന് രക്ഷാധികാരിയായും എന്‍.കെ. പ്രേമചന്ദ്രന് പ്രസിഡന്റായും ശ്രീ വേലുത്തമ്പി ദളവാ ഫൗണ്ടേഷന് കുണ്ടറ എന്ന പേരില്‍ സംഘടന രൂപീകരിച്ചായിരുന്നു സ്തൂപ നിര്‍മാണം. വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍ സഹായവും കൂടി ചേര്‍ത്ത് നിര്‍മിച്ച സ്തൂപം 2007 ജൂലൈ 28ന് മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
വിളംബരത്തറ
വേലുത്തമ്പി വിളംബരം നടത്തിയ ചുവടുതാങ്ങി ഇളമ്പള്ളൂര്‍ കാവില്‍ ഇന്നില്ല. കുറച്ചുഭാഗം കെട്ടിത്തിരിച്ച് അതിനുള്ളില്‍ അടയാള ശില പാകിയിരിക്കുകയാണ്. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളല്ലാതെ ഇവിടെയും ആവശ്യമായതൊന്നും ചെയ്തിട്ടില്ല. ദേശീയപാതയോട് ചേര്‍ന്ന് നില്ക്കുന്ന കാവ് റോഡ് വികസനത്തിന്റെ പേരില്‍ മുറിക്കപ്പെട്ടാല്‍ ഈ തറ എന്നേന്നയ്ക്കായി അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്.
നാടുകാണാന്‍ കുണ്ടറയിലെത്തുന്ന ഏതൊരാളും അന്വേഷിക്കുന്ന ഒന്നാണ് വിളംബരം സംബന്ധിച്ച വിഷയങ്ങള്‍. അവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ഉതകുന്ന തരത്തില്‍ മ്യൂസിയത്തെയും അനുബന്ധ ഇടങ്ങളേയും കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും ചരിത്രകാരന്മാരുടെയും നാട്ടു സംഘടനകളുടെയും ആവശ്യം.
മണ്‍റോതുരുത്ത്, പടപ്പക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച് നില്‍ക്കുകയും നിരവധി പേര് ഇവിടെ വന്നു പോകുകയും ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന ഈ സഞ്ചാരികള്‍ക്ക് വിളംബരത്തിന്റെ ചരിത്രം കൂടി പഠിച്ചു പോകാന്‍ കഴിയും വിധം ഇവയെല്ലാം മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: