മരിച്ചവരെ ഓര്‍മിക്കുന്നതു നല്ലകാര്യമാണ്. ഈ ‘നന്മ’ ഇപ്പോള്‍ പലരിലും കൂടുതല്‍ വളര്‍ന്നിട്ടുണ്ട്. ചിലരില്‍ നിന്ന് ഇത് അനുസ്മരണമായോ ലേഖനമായോ കവിതയായോ പുറത്തുവരുന്നു. ലഘുവായ ജീവചരിത്രകുറിപ്പിലൂടെ ഓര്‍മ്മ കൊണ്ടാടുന്നവരുമുണ്ട്. ശ്ലോകപ്രിയരായ ചിലര്‍ ഓര്മ ശ്ലോകത്തില്‍ കഴിക്കുന്നു. ഇവയെല്ലാം ചേര്‍ന്നതാണ് ഓര്‍മസാഹിത്യം. ഈ സാഹിത്യശാഖ, പഴയഭാഷയില്‍ പറഞ്ഞാല്‍, പടര്‍ന്നുപടര്‍ന്നു പന്തലിച്ചിരിക്കുന്നു. വെട്ടിയൊതുക്കിയില്ലെങ്കില്‍ ഇത് ഇതരസാഹിത്യശാഖകളെ മൂടിക്കളയുമെന്നുറപ്പ്!
ഒരാളുടെ ഓര്‍മദിനം അയാളുടെ ജന്മദിനമാണോ ചരമദിനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഓര്‍മയെഴുത്തുകാര്‍ക്ക് ‘ദിനഭേദ’മില്ല. ചിലര്‍ ജനനദിനം ഓര്‍മദിനമാക്കുന്നു. മറ്റുചിലര്‍ക്ക് ചരമദിനമാണ് ഓര്‍മദിനം. രണ്ടുദിനങ്ങളിലും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി ഓര്‍മസാഹിത്യത്തെ പരിപോഷിപ്പിക്കുന്നവരുമുണ്ട്.
ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലാണല്ലോ മരിച്ചവര്‍. മരിച്ചവരില്‍ ‘ഓര്മ’യ്ക്ക് അര്‍ഹതയുള്ളവരുടെ എണ്ണം കണക്കാക്കാന്‍ പോലുമാവില്ല. അതുകൊണ്ട് ഓര്‍മയെഴുത്തുകാര്‍ക്ക് വിഷയദാരിദ്ര്യമേയില്ല. ‘ദിനദാരിദ്ര്യ’മാണ് അവരെ അലട്ടുന്നത്. ഓര്‍മിക്കാത്തവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ 365 തീരെ ചെറിയ സംഖ്യയാണ്. ഒന്നിലേറെപ്പേരുടെ ഓര്‍മദിനം ഒരേദിവസം വരുമ്പോള്‍ എല്ലാവരോടും നീതി പുലര്‍ത്താന്‍ വലിയ പ്രയാസമാണെന്നാണ് ഈ രംഗത്തുമാത്രം താല്പര്യമുള്ള ഒരെഴുത്തുകാരന് പറഞ്ഞത്.
അച്ചടി, ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളും ഓര്‍മദിനങ്ങളും സാഹിത്യവും കൊണ്ടുസമ്പന്നമാണ്. ജനന, മരണത്തീയതികളും രണ്ടിനുമിടയ്ക്ക് ഒരു ഖണ്ഡികയും ചേര്‍ത്താല്‍ ശരാശരി ഓര്മസാഹിത്യമായി! ചിലര്‍ ജീവിച്ചിരുന്നുവെന്ന് നമ്മള് അറിയുന്നതുതന്നെ ആവരെക്കുറിച്ചുള്ള ഓര്മ്മസാഹിത്യം വായിക്കുമ്പോഴാണ്! ഇവരെ ആരും ഓര്‍മിക്കാത്തതില്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലരുടെ ഓര്‍മസാഹിത്യം അവസാനിക്കാറുള്ളത്. വായനക്കാരേ, മാധ്യമങ്ങളിലേക്ക് നോക്കൂ. ഓര്‍മസാഹിത്യം നിങ്ങളെ കാത്ത് ക്യൂ നില്ക്കുന്നുണ്ടാകും!
വാര്‍ത്തകളില്‍ നിന്ന്:
”അവശവിഭാഗങ്ങളുടെ സര്വതോന്മുഖമായ പുരോഗതിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.”
സര്വതോന്മുഖം – തെറ്റ്
സര്‍വതോമുഖം – ശരി
റോഡ് നവീകരണത്തില്‍ അപാകതയെന്ന് ”പുതിയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.”
അപാകത- തെറ്റ്
അപാകം – ശരി
”രാഷ്ട്രീയ സംഘട്ടനങ്ങളെത്തുടര്‍ന്ന് ജീവശ്ശവങ്ങളായിക്കഴിയുന്ന ഒട്ടേറെപ്പേര്‍ ജില്ലയിലുണ്ട്.”
ജീവശ്ശവം – തെറ്റ്
ജീവച്ഛവം – ശരി
”സാഹിത്യവിദ്യാര്ഥികള്ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ബ്രഹത് ഗ്രന്ഥം”
ബ്രഹത്ഗ്രന്ഥം – തെറ്റ്
ബൃഹദ്ഗ്രന്ഥം – ശരി.
”ചിലര്‍ക്ക് ജന്മനാല്‍ത്തന്നെ ഈ വൈകല്യം കണ്ടുവരുന്നു”
ജന്മനാല് – തെറ്റ്
ജന്മനാ – ശരി
”സേവനം, സന്തുലിതനില, സമന്യം, സംവാദം എന്നിവ പ്രവര്‍ത്തനത്തില്‍ നടപ്പാക്കണം.”
പ്രാവര്‍ത്തികമാക്കണം എന്നോ നടപ്പാക്കണം എന്നോ മതി.
”ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്.”
‘ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കലാണ് ലക്ഷ്യമാക്കേണ്ടത്’ – ശരി.
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”’കോണ്‍ഗ്രസ് തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങള്‍ നാടിന്റെ സൈ്വര്യം കെടുത്തുകയാണ്.”
സൈ്വര്യം-തെറ്റ്
സൈ്വരം- ശരി
ആശയസമരങ്ങള്‍ നടക്കേണ്ട ഇടങ്ങളില്‍ കായികമായ ഏറ്റുമുട്ടലുകള്‍ പതിവാകുകയും ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ട പോലീസ് നിഷ്ക്രിയമോ ഏകപക്ഷീയമോ ആയി പെരുമാറുന്നതിന്റെയും ചിത്രമാണ് പങ്കുവയ്ക്കപ്പെടുന്നത്.”
‘പതിവാകുകയും’ എന്നതിനുപകരം ‘പതിവാകുന്നതിന്റെയും’ എന്നുവേണം. ‘ഉത്തരവാദിത്വപ്പെട്ട പോലീസ്’ എന്നതിനുപകരം ‘ഉത്തരവാദിത്വമുള്ള പോലീസ്’ എന്നാക്കണം. ‘പങ്കുവയ്ക്കപ്പെടുന്നത്’ എന്നതിനുപകരം കാണുന്നത് എന്നേ വേണ്ടൂ.
പിന്കുറിപ്പ്:
പാഠ്യപദ്ധതിപരിഷ്കരണത്തില് സ്കൂള്‍ പരീക്ഷാ സമ്പ്രദായത്തില്‍ പൊളിച്ചെഴുത്തിന് സാധ്യത. – വാര്‍ത്ത
പരീക്ഷാഫലം പോലെ പരീക്ഷയും തമാശയാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: