ഫത്തേപൂര്‍,( ഉത്തര്‍ പ്രദേശ്) : സങ്കടമോചന്‍ മന്ദിറിലെ വേദമന്ത്രങ്ങള്‍ ഉയരുന്ന ഹവന വേദിയില്‍ വച്ച് വ്യാഴാഴ്ച അബ്ദുള്‍ ജമീല്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മത്തെ ആശ്ലേഷിച്ചു. ഇനി അദ്ദേഹം ശ്രാവണ്‍ കുമാര്‍ എന്ന് അറിയപ്പെടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിയ്ക്ക് സനാതന ധര്‍മ്മത്തില്‍ താല്പ്പര്യമുണ്ടായിരുന്നതായി ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയായ അബ്ദുള്‍ ജമീല്‍ പറഞ്ഞു.
ഹത്രാസ് ജില്ലയിലെ സദാബാദ് താലൂക്ക് സ്വദേശിയായ അബ്ദുള്‍ ജമീല്‍, ഇപ്പോള്‍ ഫത്തേപൂരിലെ ദേവിഗഞ്ച് മൊഹല്ലയിലാണ് താമസം. റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ച വ്യക്തിയാണ് ഇപ്പോള്‍ 66 വയസ്സുള്ള അബ്ദുള്‍ ജമീല്‍. തനിയ്ക്ക് കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹിന്ദു മതത്തിലേക്ക് മാറണം എന്ന ആഗ്രഹം തന്നില്‍ വളര്‍ന്നു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രാദേശിക ജനറല്‍ സെക്രട്ടറിയെ പരിചയപ്പെടാന്‍ ഇടയായി. അത് സൗഹൃദമായി മാറി. അദ്ദേഹത്തോട് അബ്ദുള്‍ ജമീല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ഹിന്ദുമതം സ്വീകരിയ്ക്കുകയും ചെയ്തു.
“ഇസ്ലാമിലെ പല പ്രശ്നങ്ങളെ ചൊല്ലിയും ഞാന്‍ നിരാശനായിരുന്നു. ജനങ്ങള്‍ അത്യാഗ്രഹികളും സ്വത്തിനു വേണ്ടി പരസ്പരം കൊല്ലാന്‍ പോലും തയ്യാറാവുന്നവരുമാണ്. അതുകാരണം ഞാന്‍ ഹിന്ദുമതത്തിലേക്ക് പോകും എന്ന് തീരുമാനിച്ചു. ഞാന്‍ ഭഗവാന് രാമനെ ആരാധിയ്ക്കുന്നു. അദ്ദേഹമാണ് എന്റെ മൂര്‍ത്തി. ആദ്യമായി വിഷ്ണുകീര്‍ത്തനം ചൊല്ലുകയും ഹവന പൂജ ചെയ്യുകയും ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി”.
“ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. എന്റേത് ഘര്‍വാപസിയാണ്”. ഭഗവാന് രാമനാണ് തന്റെ മാതൃകാപുരുഷന്‍ എന്നു പറയുന്ന ശ്രാവണ്‍ കുമാര്‍, രാമന് ഭാരതത്തിന്റെ മുഴുവന്‍ പൂര്‍വ്വികനാണ് എന്നും ഓര്‍മ്മിപ്പിയ്ക്കുന്നു. ജനങ്ങള്‍ സന്തോഷത്തോടെ ഈ വസ്തുത അംഗീകരിയ്ക്കണം.
ഹിന്ദുവാകാന്‍ വേണ്ടി തന്റെ മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. തന്റെ പൂര്‍വ്വികര്‍ ക്ഷത്രിയന്മാരായിരുന്നു എന്നദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രപിതാമഹന്റെ പേര് പുട്ടുസിംഗ് എന്നായിരുന്നു. അച്ഛന്റെ പേര് അബ്ദുള്‍ ഹമീദ് ബെഗ്. രണ്ടു തലമുറകള്‍ക്കു മുമ്പ് ഞങ്ങള്‍ രാജപുത്രന്മാരുമായി ബന്ധമുള്ളവരായിരുന്നു. അബ്ദുള്‍ ജമീല്‍ പറയുന്നു.
അബ്ദുള്‍ ജമീല്‍ ഹിന്ദു മതം സ്വീകരിയ്ക്കാന്‍ പോവുകയാണെന്ന് ഏതാണ്ട് രണ്ടു മാസം മുമ്പ് ജമീലിന്റെ അളിയന് ബാബര്‍ അറിഞ്ഞു. ജമീലിനെ അതില്‍ നിന്ന് പിന്തിരിപ്പിയ്ക്കാന് ബാബര്‍ ശ്രമിച്ചു. എന്നാല്‍ അബ്ദുള്‍ ജമീല്‍ ഇസ്ലാമില്‍ തുടരാന്‍ ഉദ്ദേശിയ്ക്കുന്നില്ല എന്ന് മനസ്സിലാക്കിയ ബാബര്‍ അദ്ദേഹത്തെ മര്‍ദ്ദിയ്ക്കുക പോലുമുണ്ടായി. അതിനു മറുപടിയായി ഇപ്പോള്‍ സനാതന ധര്‍മ്മത്തിലാണ് തന്റെ വിശ്വാസമെന്നും ഇനി ആര്‍ക്കും അത് മാറ്റാന്‍ കഴിയില്ലെന്നും ജമീല്‍ അയാളോട് പറയുകയായിരുന്നു.
“ഞാന്‍ ഹിന്ദുമതത്തിലേക്ക് മാറുകയാണെന്ന് ബാബര്‍ എന്നറിയപ്പെടുന്ന എന്റെ അളിയന് മുസ്താകിം അറിഞ്ഞപ്പോള്‍ എന്നെ അയാള്‍ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ഞാനെന്റെ ഭഗവാനായ രാമനില്‍ വിശ്വസിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഞാന്‍ എന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ പൂജ ചെയ്യുന്നു.
തനിയ്ക്ക് ഇപ്പോള്‍ ഭയമില്ലെന്നും, ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്നും ശ്രാവണ്‍ കുമാറായി മാറിക്കഴിഞ്ഞ അബ്ദുള്‍ ജമീല്‍ പറയുന്നു. ജില്ലാ മജിസ്ട്രേട്ടിനെ കണ്ട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രാവണ്‍ കുമാര്‍ വെളിപ്പെടുത്തി.
മൂന്ന് പുത്രിമാരും ഒരു പുത്രനുമാണ് അദ്ദേഹത്തിന്. മൂത്ത പുത്രി വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ എഞ്ചിനീയറും മറ്റൊരു മകള്‍ എംബിബിഎസ് ഡോക്ടറുമാണ്. ഭാര്യ അര്‍ജുമന്ദ് ബാനു ഒരു മകളോടൊപ്പം ലക്നൗവിലാണ് താമസം. മകന് മുഹമ്മദ് ഷമീല്‍ ദില്ലിയില്‍ പൈലറ്റ് ഓഫീസര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തിനു മേല്‍ അതിശക്തമായ സാമൂഹ്യ സമ്മര്‍ദ്ദം ഉള്ളതായി ശ്രാവണ്‍ കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: