എടപ്പാള്‍: അഫ്സലിന്റെ ഇറച്ചിക്കടയില്‍ മറ്റ് കടകളെ അപേക്ഷിച്ച് കോഴിയിറച്ചിക്ക് വന്‍ വിലക്കുറവ്. ജനങ്ങള്‍ മുഴുവന്‍ അഫ്സലിന്റെ കടയിലേക്ക് തള്ളിക്കയറാന്‍ തുടങ്ങി. ഇതോടെ മറ്റ് ഇറച്ചിക്കടകള്‍ ഒന്നൊന്നായി പൂട്ടി. എന്താണ് അഫ്സല് കാണിക്കുന്ന ബിസിനസിലെ ഈ മാജിക് എന്നതിലേക്കായി ആളുകളുടെ ശ്രദ്ധ. ഒടുവില്‍ കള്ളി വെളിച്ചത്തായി. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് ത്രാസിലെ തൂക്കം കുറയ്ക്കുന്നത് വഴിയാണ് ആദായവിലക്കുള്ള ഇറച്ചിവില്പനയെന്ന് കണ്ടെത്തി.
ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തൂക്കത്തില്‍ കുറവ് കാട്ടിയുള്ള തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഏടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എംഎസ് ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സലിനെ (31) ആണ് ഇന്‍സ്പെക്ടര്‍ ബഷീറും സംഘവും ചേര്‍ന്ന് വലയിലാക്കിയത്.
തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്ട്രോളും ഇലക്ട്രോണിക്സ് ത്രാസും പിടിച്ചെടുത്തു. പെരുന്നാള്‍ കാലത്ത് പോലും മറ്റ് കടകളെ അപേക്ഷിച്ച് കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ കുറവാണെന്ന ബോര്‍ഡ് വെച്ചായിരുന്നു ഇവിടെ വില്പന തകര്‍ത്തിരുന്നത്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് വലിയ തോതില്‍ ആളുകള്‍ ഈ അഫ്സലിന്റെ കടയിലെത്തി. തുലാസില്‍ കോഴിയിറച്ചി വെയ്ക്കുമ്പോള്‍ ഒരു കിലോ ആകുന്നതിന് മുന്‍പ് തന്നെ ഇലക്ട്രോണിക്സ് ത്രാസില്‍ ഒരു കിലോ എന്ന് തെളിയും. ഇയാളുടെ കടയിലെ തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
മാത്രമല്ല, തുലാസില്‍ കൃത്രിമം കാണിക്കാന്‍ ചിപ്പുപയോഗിച്ചോ എന്ന് സംശയമുള്ളതായും അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. തുലാസില്‍ വരുത്തുന്ന ചെറിയ കൃത്രിമങ്ങള്‍ കണ്ടെത്തുക എളുപ്പമാണെങ്കിലും റിമോട്ട് കണ്ട്രോള് ഉപയോഗിച്ചുള്ള ആധുനിക രീതികള്‍ കണ്ടുപിടിക്കുക പ്രയാസമാണെന്നും അത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിമോട്ടിനൊപ്പം തുലാസിനുള്ളില് മൈക്രോചിപ് അടക്കം ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും എങ്കില്‍ അത് കണ്ടുപിടിക്കുക പ്രയാസമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വഞ്ചന, അളവ് തൂക്കവെട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എസ് ഐമാരായ ഖാലിദ്, വിജയന്, രാജേന്ദ്രന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നിട്ടുണ്ട്. ചൈനീസ് നിര്‍മ്മിതമാണ് ഈ റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ത്രാസെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: