Categories: Kerala

സെക്യൂരിറ്റി ഡെപ്പോസിറ്റെന്ന പേരില്‍ കെഎസ്ഇബിയുടെ പകല്‍ക്കൊള്ള, കനത്ത സാമ്പത്തിക ബാധ്യതയുമായി ഉപഭോക്താക്കൾ

Published by

തൃശൂര്‍: സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക വാങ്ങി കെഎസ്ഇബി പകല്‍കൊള്ള നടത്തുന്നതായി പരാതി. സംസ്ഥാനത്ത് വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കൂടി കൂടുതലായി  ഈടാക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.  

2014ലെ ഇലക്ട്രിസിറ്റി സപ്ലൈ ചട്ടപ്രകാരം പ്രീപെയ്ഡ് കണക്ഷന്‍ അല്ലാത്ത ഉപഭോക്താക്കളില്‍ നിന്നാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി കെഎസ്ഇബി അധിക തുക ഈടാക്കുന്നത്. മൂന്നുമാസ ബില്ലിങ് ഉള്ളവര്‍ ശരാശരി തുകയുടെ രണ്ടിരട്ടിയും പ്രതിമാസ ബില്ലിംഗ് ഉള്ളവര്‍ മൂന്നിരട്ടി തുകയും ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടി വരുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. 

കെഎസ്ഇബി റെഗുലറ്ററി ആക്ട് പ്രകാരം വൈദ്യുത ഉപകരണങ്ങള്‍ക്കും ലൈനിനും സൈക്യൂരിറ്റി ഡെപോസിറ്റ് അടയ്‌ക്കണം. കാലാവധി കഴിഞ്ഞാല്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ കണക്ഷന്‍ വിഛേദിക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്.  സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങുന്ന പണം കൂടുതലാണെങ്കില്‍ അടുത്ത ബില്ലില്‍ കുറയ്‌ക്കണമെന്നാണ് വ്യവസ്ഥ. കൊവിഡ് കാലം കണക്കിലെടുത്ത് ഉപഭോക്താക്കളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്‌ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. ഇനിയും ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലന്നാണ് കെഎസ്ഇബിയുടെ നിലപാട്.  

നിലവിലുള്ള ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നതെന്നും ഇതിന് വൈദ്യുത ചാര്‍ജ് വര്‍ദ്ധനവുമായി ബന്ധമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈടാക്കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by