തിരുവനന്തപുരം: പണ്ടു കാലത്ത് കര്‍ക്കിടക മാസത്തില്‍ വീടുകളില്‍ രാമായണ പാരായണം നടന്നിരുന്നെങ്കിലും ‘രാമായണമാസാചരണം’ സംഘടിത സ്വാഭാവത്തോടെ നടക്കുന്നതിനു പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. 1982 ല്‍ നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളന സംഘാടക സമിതിയാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്.
രാമായണ മാസാചരണം 80 കളിലാണ് തുടങ്ങിയതെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ രാമായണ സപ്താഹങ്ങള്‍ നടന്നിരുന്നു. വീടുകളില്‍ ഒരാഴ്ചകൊണ്ട് രാമായണം മുഴുവനായി വായിച്ച് അര്‍ത്ഥം പറയുന്നതായിരുന്നു ഇത്. ”ശ്രീരാമ പട്ടാഭിഷേകം’ എന്ന പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ഏതെങ്കിലും വീടുകളില്‍ എല്ലാവരും ഒത്തു കൂടും. രാമായണം വായിക്കുക മാത്രമല്ല, പണ്ഡിതരായ ആരെങ്കിലും അര്‍ത്ഥം വിശദീകരിക്കുകയും ചെയ്യും. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഒന്നിച്ച് ഒരു വീട്ടില്‍ ശ്രീരാമ പട്ടാഭിഷേകത്തിന് എത്തിയതിനെക്കുറിച്ച് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി എഴുതുന്നതിങ്ങനെ
‘ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് തിരുവനന്തപുരത്ത് വിദ്വത് കവി പെരുനല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നു. അക്കാലത്ത് വീടുകളില്‍ ഒരാഴ്ചകൊണ്ട് രാമായണം മുഴുവനായി വായിച്ച് അര്‍ത്ഥം പറയുന്ന ശ്രീരാമപട്ടാഭിഷേകം എന്ന ചടങ്ങ് സര്‍വ സാധാരണമായിരുന്നു. ഇക്കാലത്തെ ഭാഗവത സപ്താഹം പോലെ. കൃഷ്ണന്‍ വൈദ്യരുടെ വീട്ടിലെ ശ്രീരാമ പട്ടാഭിഷേകത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിട്ടുണ്ട്. വായന കേള്‍ക്കുക എന്നതിലുപരി രണ്ടു മഹാപുരുഷന്മാരുടെ ദിവ്യ സാന്നിധ്യം കൊതിച്ചായിരുന്നു വലിയ പുരുഷാരം എത്തിയത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളുമായിരുന്നു ആ ഗുരുക്കന്മാര്‍. രാമായണ കഥകള്‍ക്കും പദ്യങ്ങള്‍ക്കും അതുവരെ ആരും അറിയാത്ത അര്‍ത്ഥങ്ങളും ഉപമകളും അവര്‍ പകര്‍ന്നു നല്‍കുമായിരുന്നു. സാധനാ കാലത്ത് ഒരു ദിവസംകൊണ്ട് രാമായണം മുഴുവന്‍ വായിച്ചു തീര്‍ത്തിരുന്ന കാര്യം ഗുരുദേവന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: