ന്യൂദല്‍ഹി: പാഞ്ചജന്യം ഭരതത്തിന്റെ രാമായണമാസാചരണം ഈ വര്‍ഷവും വിവിധ പരിപാടികളോടെ ഓണ്‍ലൈനായി നടത്തും. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെ (ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ) ദിവസവും രാത്രി എട്ട് മണി മുതല്‍ ഒന്‍പത് വരെ പാഞ്ചജന്യം ഭാരതം യൂ ട്യൂബ് ചാനലിലൂടെയാണ് പരിപാടികള്‍ സംപ്രേഷണം ചെയ്യും.
ജൂലൈ 17ന് രാത്രി 8ന് പരിപാടികളുടെ ഉദ്ഘാടനം, ദല്‍ഹി വാല്മീകി സമുദായക്ഷേത്രം ആചാര്യന് – സദ്ഗുരു കൃഷ്ണസാഹ് വിദ്യാര്‍ത്ഥി മഹാരാജ് ഐതിഹാസിക് നിര്‍വ്വഹിക്കും. രാമായണപാരായണം, രാമായണം ആസ്പദമായ പ്രഭാഷണങ്ങള്‍, ആലാപനങ്ങള്‍, കലാവിഷ്കാരങ്ങള്‍, സ്ഥലപരിചയപ്പെടുത്തലുകള്‍, വിവിധ ഭാഷകളിലെ രാമായണരചനകള്, എന്നിവ കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുന്നത്. കൂടാതെ വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉപന്യാസം, പ്രസംഗം, ക്വിസ് മത്സരങ്ങളും പ്രത്യേകമായി സംഘടിപ്പിക്കുന്നതാണ്.
പരിപാടികളുടെ നടത്തിപ്പിന് പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് അദ്ധ്യക്ഷനായും കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി. ഹരിഹരന്, അഡ്വ.ആര്. വെങ്കിട്ടരമണി, ഡോ. ഓമനക്കുട്ടി, കാവാലം ശശികുമാര്‍, പി.റ്റി. മന്മഥന്, എം.ഡി. ജയപ്രകാശ്, കെ.പി. മണിലാല്‍, കാവാലം ശ്രീകുമാര്‍, ഗോപിനാഥ് വന്നേരി, കാവാലം അനില്‍, ഡോ.ഇ.എം.ജി. നായര്‍, ആര്.ആര്. ഡല്‍ഹി, ഡോ.എം.വി. നടേശന് എന്നിവര്‍ ഉള്‍പ്പെടെ 101 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘാടക സമിതിയുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വിപുലമായ പരിപാടികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ കല്ലേത്ത്(.9947290711), വൈസ് ചെയര്മാന് ആര്.ആര്. ഡല്‍ഹി(.8810293026), എന്നിവരെ സമ്പര്‍ക്കം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: