പാലക്കാട്: സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെതിരെ കാപ്പ ചുമത്തി നാടുകടത്തി. തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐജി പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
സ്പിരിറ്റ് കേസില്‍ പ്രതി ആയതിനെ തുടര്‍ന്ന് നാണക്കേട് മറയ്‌ക്കാന്‍ പാര്‍ട്ടി അനിലിനെ പുറത്താക്കിയിരുന്നു. സ്പിരിറ്റ് കേസിന് പുറമെ നിരവധി കേസുകളില്‍ ഇയാളെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കവര്‍ച്ച മുതല്‍ കൈപ്പറ്റിയതും മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം നടത്തിയതും അടക്കം നിരവധി കേസുകളും അത്തിമണി അനിലിനെതിരെ പോലീസ് കേസ് ചുമത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
2017 ല്‍ ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും കൊലപാതക കേസിലും അത്തിമണി അനില്‍ പ്രതിയാണ്. ചിറ്റൂര്‍ മേഖലയില്‍ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ നിയമം ചുമത്തി ഇയാളെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: