കണ്ണൂര്‍: സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന(എച്ച്എംഎസ്) ജില്ലാ കമ്മറ്റിയോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് വേനലവധിക്കാലത്തെ ആശ്വാസധനവും ജൂണ്‍ മാസത്തെ വേതനവും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പാചകത്തൊഴിലാളികള്‍ക്ക് മുന്‍കാലങ്ങളില്‍ വേനലവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ലഭിച്ചു വന്നിരുന്ന ആശ്വാസ സഹായം പോലും ഇടതുപക്ഷ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. അതിനും പുറമെയാണ് ജൂലായ് പകുതിയായിട്ടും ജൂണ്‍ മാസത്തെ ശമ്പളം പോലും വിതരണം ചെയ്യാത്തത്. അതിനുള്ള നടപടികള്‍ പോലും സര്‍ക്കാര്‍ ഇതുവരെയായും സ്വീകരിച്ചിട്ടില്ല.
ജില്ലാ പ്രസിഡണ്ട് എം. പുഷ്പറാണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. അനിത, ഷീബ കൊടോളിപ്പുറം, ശാന്ത ചേലേരി, പ്രേമജ ചെറിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: