ഗായത്രിയുടെ 24 ശക്തിധാരകള്‍
ഭുവനേശ്വരി എന്നാല്‍ ലോകത്തിലെ സകല ഐശ്വര്യങ്ങളുടെയും സ്വാമിനിയെന്നര്‍ത്ഥം. പദാര്‍ത്ഥസംബന്ധമായ സുഖസൗകര്യങ്ങള്‍ക്ക് വൈഭവം എന്നു പറയുന്നു. ഐശ്വര്യം ഈശ്വരീയഗുണമാണ്. ഇതു ആന്തരികമായ ആനന്ദത്തിന്റെ രൂപത്തിലാണ് ലഭിക്കുന്നത്. ഐശ്വര്യത്തിന്റെ പരിധി ചെറുതും വലുതുമായി കാണാം. ചെറിയ ഐശ്വര്യം ചെറിയ ചെറിയ സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ ഫലമായി അതാതു സമയങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കും. ഇത് നാം തന്നെ നേടുന്നതും പരിമിതമായ ആനന്ദം പ്രദാനംചെയ്യുന്നതും, പരിമിതമായ സമയം വരെ മാത്രം നിലനില്ക്കുന്നതുമായ ഐശ്വര്യമാണ്. ഇതിന്റെ അനുഭൂതി അല്പകാലീനമാണ്. ഇതിന്റെ രസം എത്ര മാധുര്യമേറിയതാണെന്ന് അറിയുമ്പോള്‍ ഇത് കൂടുതല്‍ ഉപാര്‍ജിക്കാന്‍ ഉത്സാഹം ഉളവാകുന്നു.
ഭുവനേശ്വരി എന്നത് ഇതിനേക്കാള്‍ ഉയര്‍ന്ന സ്ഥിതിയാണ്. ഈ സ്ഥിതിയില്‍ സൃഷ്ടിയിലെ സകല ഐശ്വര്യങ്ങളുടെയും അധികാരം നമ്മില്‍ വന്നിരിക്കുന്നതായി അനുഭവപ്പെടുന്നു. രാമതീര്‍ത്ഥസ്വാമികള്‍ അദ്ദേഹത്തെ സ്വയം ‘രാമചക്രവര്‍ത്തി’ ആയി സങ്കല്‍പിച്ചിരുന്നു. താന്‍ വിശ്വത്തിന്റെ അധിപതി ആണെന്ന അനുഭൂതി അദ്ദേഹത്തിനുണ്ടായിരുന്നു. തല്‍ഫലമായി വിശ്വത്തിന്റെ അധിപതിയുടെ നിഴലില്‍ എത്തിയവന്റെ ആനന്ദം അദ്ദേഹത്തിനു ലഭിച്ചിരുന്നു. ചെറിയ ചെറിയ സ്ഥാനങ്ങള്‍ നേടിയവരും ചെറിയ ചെറിയ പദാര്‍ത്ഥങ്ങളുടെ ഉടമസ്ഥത നേടിയവരും തങ്ങളുടെ ഉപലബ്ധിയില്‍ അഭിമാനം കൊള്ളുമ്പോള്‍ ലോകമാസകലത്തിന്റെയും ആധിപത്യം നേടിയവരുടെ അനുഭൂതി എത്രമാത്രം ഉത്സാഹജനകമായിരിക്കുമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സ് ആനന്ദതുന്ദിലമാകുന്നു. രാജാവ് ചെറിയ രാജ്യത്തിന്റെ അധിപതിയാണ്. ഈ സ്ഥിതിയില്‍ തന്നെ അവര്‍ എന്തുമാത്രം അധികാരവും ബഹുമാനവും സൗഭാഗ്യങ്ങളും ആസ്വദിക്കുന്നുവെന്നത് സകലര്‍ക്കും അറിയാവുന്നതാണ്. ചെറുതും വലുതുമായ രാജപദവിക്കുവേണ്ടി മത്സരിക്കുന്നതിനു കാരണം ആധിപത്യത്താല്‍ ലഭിക്കുന്ന അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും പ്രത്യേകതയാണ്.
ഇതെല്ലാം വൈഭവത്തിന്റെ കാര്യമാണ്. ഇതു മാനുഷികവും ഭൗതികവുമാണ്. ഐശ്വര്യം ദൈവികവും ആദ്ധ്യാത്മികവും ഭാവനാത്മകവുമാണ്. അതിനാല്‍ ഇതിന്റെ ആനന്ദാനുഭൂതിയും അതേ വിധത്തില്‍ ശ്രേഷ്ഠമാണ്. ഭുവനമാസകലമുള്ള ചേതനാത്മകമായ ആനന്ദത്തിന്റെ അനുഭൂതി യാതൊന്നില്‍ നിക്ഷിപ്തമാണോ, അതാണ് ഭുവനേശ്വരി. ഗായത്രിയുടെ ഈ ദിവ്യധാര ആരില്‍ പ്രവഹിക്കുന്നുവോ അവര്‍ക്ക് വിശ്വമാസകലത്തിന്റെയും ആധിപത്യം ലഭിക്കുന്നതുമൂലം ഉണ്ടാകുന്ന വിധത്തിലുള്ള ആനന്ദാനുഭൂതി നിരന്തരം ഉളവായിക്കൊണ്ടിരിക്കുന്നു. വൈഭവത്തെ അപേക്ഷിച്ച് ഐശ്വര്യത്തിന്റെ ആനന്ദം അനവധി മടങ്ങ് വലുതാണ്. ഇപ്രകാരം നോക്കുമ്പോള്‍ ഭൗതികതലത്തില്‍ സമ്പന്നരായി കാണപ്പെടുന്നവരുടെ നിലയെ അപേക്ഷിച്ച് ഭുവനേശ്വരിയുടെ തലത്തില്‍ എത്തിയ സാധകനും ഏകദേശം ഭുവനേശ്വരനായ ഭഗവാനെപ്പോലെതന്നെ ഭാവനാസമ്പന്നതയില്‍ നിന്നുളവാകുന്ന ആനന്ദാനുഭൂതിയില്‍ മുഴുകി കഴിയുന്നു.
ഭാവനാപരമായി നോക്കുമ്പോള്‍ ഈ സ്ഥിതി പരിപൂര്‍ണമായ ആത്മപ്രതാപത്തിന്റെ അനുഭൂതിയാണ്. യാഥാര്‍ത്ഥ്യപരമായി നോക്കിയാല്‍ ഈ സ്ഥിതിയില്‍ എത്തിയ സാധകര്‍ ബ്രാഹ്മണരാണ് ബ്രഹ്മവുമായി താദാത്മ്യം പ്രാപിച്ചവരാണ്. തന്മൂലം ഇവരുടെ വ്യാപ്തിയും സാമര്‍ത്ഥ്യവും ഏകദേശം പരബ്രഹ്മസമാനമായിത്തീരുന്നു. അവര്‍ക്കു ഭുവനമാസകലം നിരന്നു കിടക്കുന്ന വിഭിന്നതരത്തിലുള്ള പദാര്‍ത്ഥങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. പദാര്‍ത്ഥങ്ങളും പരിതഃസ്ഥിതികളും മുഖേന ലഭിക്കാവുന്ന ആനന്ദം സങ്കല്പശക്തിയിലൂടെ വേണ്ടത്ര അളവില്‍ ആകര്‍ഷിച്ചെടുക്കാന്‍ അവര്‍ക്കു കഴിയും.
ഭുവനേശ്വരിയുടെ തലത്തിലെ മനഃസ്ഥിതിയിലെത്തുമ്പോള്‍ വിശ്വമാസകലമുള്ള ചേതന തന്റെ ഉത്തരവാദിത്ത്വത്തിന്റെ പരിധിയില്‍ ആണെന്ന ഭാവം ഉളവാകുന്നു. ഈ ചേതനയെ ശരിയായി വ്യവസ്ഥീകരിക്കാന്‍ ഭുവനേശ്വരീമനഃസ്ഥിതി ഉദ്യമിക്കുന്നു. ശരീരവും കുടുംബവും തനിക്കുള്ളതാണെന്ന ധാരണയുള്ളവര്‍ക്ക് ഇവയ്‌ക്കു വേണ്ടതെല്ലാം നേടാന്‍ പരിശ്രമിക്കുന്നു. വിശ്വമാസകലം തന്റേതാണെന്ന ബോധത്തോടെ കഴിയുന്നവര്‍ സദാസമയവും ലോകനന്മയുടെ കാര്യത്തില്‍ ശ്രദ്ധിച്ചുകഴിയുന്നു. കുടുംബത്തിന്റെ സൗഖ്യത്തിനുവേണ്ടി സ്വന്തം ശരീരസൗഖ്യത്തെ അവഗണിച്ചു കഠിനമായി പരിശ്രമിക്കുക പതിവാണല്ലോ. ലോകമാണ് തന്റെ കുടുംബമെന്ന ധാരണയുള്ളവര്‍ സകല ജീവികളുമായും ആത്മീയത പുലര്‍ത്തുന്നു. അവരുടെ ദുഃഖവും ദുര്‍ഗതിയും അകറ്റാന്‍ ആവുന്നത്ര പരിശ്രമിക്കുന്നു. സ്വന്തം സുഖത്തിനുവേണ്ടി ചെലവഴിക്കാതെ, തന്റെ സകല കഴിവുകളും വിശ്വസൗഖ്യത്തിനും ശാന്തിക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു.
വൈഭവങ്ങള്‍ സംഭരിക്കാന്‍വേണ്ടി ഭൗതികപ്രയത്‌നങ്ങളാണ് ആവശ്യം. എന്നാല്‍ ഐശ്വര്യപ്രാപ്തി ആത്മീയപ്രയത്‌നങ്ങളാല്‍ മാത്രമേ സാദ്ധ്യമാവൂ. വിശാലമായ ഐശ്വര്യാനുഭൂതിയും സാമര്‍ത്ഥ്യവും നേടാന്‍ സാധനാത്മകമായ പ്രയത്‌നങ്ങള്‍ ചെയ്‌തേ തീരൂ. ഗായത്രീ ഉപാസനയില്‍ വിധിവിധാനങ്ങളനുസരിച്ച് ചെയ്യുന്ന ഇത്തരം സാധനയ്‌ക്ക് ഭുവനേശ്വരി എന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: