കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി ഈ മാസം 16 മുതല്‍ 18 വരെ കോഴിക്കോട്ട് നടത്തുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിനെ ചൊല്ലി വിവാദം. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും അടുത്തിടെ നിര്‍മിച്ച വനിതാ സംവിധായകരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പലതും മേളയില്‍ നിന്നൊഴിവാക്കിയെന്നുമാണ് ആരോപണം.
സാധാരണയായി ചലച്ചിത്രമേളകള്‍ നടത്തുന്നതിന് മുമ്പ് അതിലേക്കുള്ള ചിത്രങ്ങള്‍ ക്ഷണിച്ചുള്ള അറിയിപ്പുകള് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ടോ എന്നുതന്നെ അറിയില്ലെന്നാണ് ചലച്ചിത്രരംഗത്തു തന്നെയുള്ളവര്‍ പറയുന്നത്. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി 24 ചിത്രങ്ങളാണ് മേളയില്‍. മേളയ്ക്ക് മൂന്ന് ദിവസം മാത്രമേ ഉള്ളുവെങ്കിലും ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.
നവാഗത സംവിധായിക ഐഷ സുല്‍ത്താനയുടെ ഫഌഷ് എന്ന ചിത്രം പ്രദര്ശനത്തിനുണ്ടാകുമെന്ന വാര്‍ത്ത മാത്രമാണ് പുറത്തുവന്നത്. കോഴിക്കോട്ട് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന നില്പ്പുസമരത്തെ പ്രമേയമാക്കി നിര്‍മിച്ച തന്റെ സിനിമ എന്തുകൊണ്ട് മേളയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് യുവ സംവിധായിക കുഞ്ഞില മസിലാമണി ചോദിച്ചതോടെയാണ് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് വിവാദമായത്. തെരഞ്ഞെടുപ്പ് എപ്പോള്‍ എവിടെ നടത്തി എന്നാണ് പലരും ചോദ്യമുയര്‍ത്തുന്നത്.
മേളയുടെ നടത്തിപ്പ് സംബന്ധിച്ച യോഗങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂയെന്നും സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞില മസിലാമണിയുടെ അസംഘടിതര്‍ എന്ന ചിത്രം അന്താരാഷ്ട്രാതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു യുവ വനിതാ സംവിധായികയായ റത്തീനയുടെ പുഴു എന്ന സിനിമ മേളയില്‍ ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: