കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ രാഷ്ട്രീയ അക്രമസംസ്കാരം സംസ്ഥാനത്തിന്റെ വികസനത്തിനും നിക്ഷേപങ്ങള്‍ക്കും നാട്ടുകാരുടെ അവസരങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുകയേയുള്ളൂ എന്നും അദേഹം ഫെസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ച 1.30നാണ് പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ കാര്യാലയത്തിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. രാഷ്ട്രഭവന് എന്ന പേരിലുള്ള കാര്യാലയം പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പരിവാര്‍ സംഘടനകളുടെ നേതൃത്ത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: