അഞ്ചല്‍: വഴിയോരക്കച്ചവടത്തിന് പുതുമ സമ്മാനിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത്. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് കച്ചവട വൈവിധ്യം ഒരു കുടക്കീഴിലേക്ക് എത്തിച്ചാണ് സൗകര്യവര്‍ധന. കുളത്തൂപ്പുഴ ജംഗ്ഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറി ചോഴിയക്കോട് വാര്‍ഡിലെ ഓന്തുപച്ച ജംഗ്ഷനിലാണ് ‘വില്ലേജ് ഹാറ്റ് ‘ എന്ന നൂതന ആശയത്തിന് തുടക്കം.
വഴിയോരക്കച്ചവടങ്ങള്‍ കൂടുതലായുള്ള പ്രദേശത്ത് കച്ചവടത്തിനായി ഒരു പൊതുയിടമാണ് ഇപ്പോള്‍ സാധ്യമായത്. വീടുകളിലും മറ്റും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ഇതര നിത്യോപയോഗ സാധനങ്ങളും ഇവിടെ എത്തിച്ച് വിപണനം നടത്താം. 4.7 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് സെന്റ് സ്ഥലത്ത് 290 ചതുരശ്രയടിയിലാണ് ഹാറ്റ് നിര്‍മിച്ചിട്ടുള്ളത്.
വില്ലേജ് ഹാറ്റിന് പുറമെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുള, ഈറ്റ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി രണ്ട് വര്‍ക്ക് ഷെഡ്ഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. പഞ്ചായത്ത് പരിധിയിലെ ആദിവാസി മേഖലകളായ ചെറുകര, കടമാന്‍കോട് എന്നിവിടങ്ങളിലാണ് വര്‍ക്ക്‌ഷെഡ് നിര്‍മാണം. കാലിത്തൊഴുത്ത് നിര്‍മാണവും പഞ്ചായത്തിന്റെ 20 വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ചതുള്‍പ്പെടെ ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വ്യത്യസ്ത മേഖലകളിലേക്കാണ് നയിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: