തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.
കേരളം,ലക്ഷദ്വീപ്,കര്‍ണാടക തീരങ്ങളില്‍ ഈ മാസം 14 വരെ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ചിലയവസരങ്ങളില്‍ ഇത് 65 കി.മി ആയി മാറാനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കേരളതീരത്ത് ,രാത്രി 11.30 വരെ 3.5 മുതല്‍ 4 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.
രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. ഇതുമൂലം 14 വീടുകൾ സംരക്ഷിക്കാനാവും . നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: