വര്‍ക്കല: ഭക്ഷണത്തിലൂടെ സംസ്കാരത്തില്‍ വൈദേശിക അധിനിവേശം സംഭവിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് ബാലഗോകുലം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പൊതുസമൂഹവും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ശ്രദ്ധപുലര്‍ത്തണമെന്നും സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
മണ്ണിനും മനസ്സിനും യോജിച്ച ഭക്ഷണ സംസ്കാരം
തനതായ ഭക്ഷണ സംസ്കാരം നിലനിര്‍ത്തിയിരുന്ന നാടാണ് കേരളം. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ നമുക്കുണ്ട്. വിദേശപ്പേരുകളിലെ മാംസഭക്ഷണം നമ്മുടെ ആരോഗ്യത്തേയും സംസ്കാരത്തേയും ബാധിക്കുന്നു. കുട്ടികളാണ് ഇത്തരം കൃത്രിമ രുചിയുടെ കെണിയില്‍ വീഴുന്നത്. കൃത്രിമവും വൃത്തിഹീനവും വൈദേശികവുമായ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണികളില്‍ നിരോധിക്കുകയും വഴിയോര ഭക്ഷണ കടകള്‍ക്ക് നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് കേരള സര്‍ക്കാരിനോട് ബാലഗോകുലം അഭ്യര്‍ത്ഥിച്ചു.
ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്ക്ക് മികച്ച ആരോഗ്യ സംസ്കാരം പകര്‍ന്നു നല്കാന് വിദ്യാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. നാട്ടുരുചികള്‍ പരിചയപ്പെടുത്തുന്ന ഗ്രാമീണ ഭക്ഷണശാലകള്‍ വ്യാപകമായി തുടങ്ങണം. സദ്ധസംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണം. പായ്ക്കറ്റ് ഭക്ഷ്യവിഭവങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് കുട്ടികള്‍ക്ക് ഹിതകരം എന്നു പ്രത്യേകം മുദ്രണം ചെയ്തു മാത്രം വിപണിയിലിറക്കണം.
പരമ്പരാഗതവും വിഷരഹിതവും ശിശുസൗഹൃദപരവുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കണം. കുട്ടികളുടെ ഭക്ഷണത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളോ കൃത്രിമ വസ്തുക്കളോ ചേര്‍ക്കുന്നത് ബാലനീതി സംരക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ബാലഭക്ഷ്യനയം രൂപീകരിക്കണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: