ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ച് വ്യാജ വീഡിയോ ക്ലിപ് നിര്‍മ്മിച്ചു എന്ന ആരോപണത്തില്‍ സീടിവി വാര്‍ത്താ അവതാരകന് രോഹിത് രഞ്ജന്‍ സുപ്രീംകോടതിയുടെ ആശ്വാസം. തല്ക്കാലം രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുക്കാന്‍ ബലപ്രയോഗം നടത്തുന്ന തരത്തില്‍ നടപടികള്‍ പാടില്ലെന്ന് ഛത്തീസ് ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഛത്തീസ് ഗഡിലെ റായപൂരിലും രാജസ്ഥാനിലെ ജയ് പൂരിലും കേസുകള്‍ നിലവിലുണ്ട്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേസുണ്ട്. എന്നാല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനുള്ള ബലപ്രയോഗ നടപടികള്‍ പാടില്ലെന്ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ജെ.കെ. മഹേശ്വരിയും വെള്ളിയാഴ്ച വിധിച്ചു.
കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ ഉദയ് പൂരില്‍ കനയ്യ ലാലിനെ തലയറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് മാപ്പ് നല്കുന്ന രീതിയില്‍ മാറ്റി വ്യാജവീഡിയോ നിര്‍മ്മിച്ചെന്ന കുറ്റമാണ് രോഹിത് രഞ്ജന്‍ എതിരെ ഉയര്‍ന്നത്. ജൂലായ് ഒന്നിന് സീ ടിവിയുടെ ഒരു വാര്‍ത്താ പരിപാടിയില്‍ രോഹിത് രഞ്ജന്‍ രാഹുല്‍ ഗാന്ധിയുടെ ഈ വ്യാജ വീഡിയോ ക്ലിപ്പ് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അബദ്ധമാണെന്നറിഞ്ഞ രോഹിത് രഞ്ജന്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആ വാര്‍ത്താ പരിപാടി പിന്‍വലിക്കുകയും ചെയ്തു.
അതിനിടയില്‍ ഉത്തര്‍പ്രദേശുകാരനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ് ഗഢ് പൊലീസ് യുപിയിലെത്തിയത് യുപി പൊലീസുമായി കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഇതോടെയാണ് രോഹിത് രഞ്ജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മനപൂര്‍വ്വമല്ലാത്ത ഒരു തെറ്റാണ് സംഭവിച്ചതെന്നും തെറ്റിനെക്കുറിച്ച് പിന്നീട് രോഹിത് രഞ്ജന്‍ മാപ്പ് പറഞ്ഞെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലുത്ര സുപ്രീംകോടതിയില്‍ വാദിച്ചു. എല്ലാ കേസുകളും റദ്ദാക്കുക, അതല്ലെങ്കില്‍ ഒരു സ്റ്റേഷനിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് രോഹിത് രഞ്ജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: