കോഴിക്കോട് : പി.ടി. ഉഷ രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്ത് നില്ക്കാന് പോലും ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് എളമരം കരീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. രാജ്യസഭാ നിര്‍ദ്ദേശത്തിനെതിരെ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എളമരം നടത്തിയ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമര്‍ശിക്കുമ്പോള്‍ ആളും തരവും നോക്കി വിമര്‍ശിക്കണം.മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോള്‍ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിത്. പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുമ്പ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തില്‍ ജനങ്ങള്‍ അളന്നാല്‍ നിങ്ങള്‍ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരും വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കരുത്.
കോടികള്‍ സമ്പാദിച്ച് തൊഴിലാളി സഖാവ് വന്‍മരമാകുമ്പോള്‍ പിടി ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നെന്നും പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ടീസ്ത സെതല്‍വാദിനെയും മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ടൗണ്‍ഹാളില്‍ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനിടെ പി.ടി. ഉഷയുടെ പേരുപറയാതെയാണ് എളമരം കരീം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
‘ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’ എന്നായിരുന്നു എളമരം കരീമിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: