തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങുന്നത് കൂടിയ വിലയ്ക്കെന്ന കള്ളം നിയമസഭയിലും ആവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തുമ്പോള്‍ 132.94 രൂപയാണ് നല്‍കേണ്ടി വരുന്നതെന്ന് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. നേരത്തെ നല്കിയതിനേക്കാള് 48.2 രൂപ അധികമാണിത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. 43.38 കോടി രൂപയുടെ അധികസാമ്പത്തിക ബാധ്യതയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സ്വന്തം പമ്പുകളില്‍ നിന്ന് എണ്ണയടിച്ചാണ് ബള്‍ക്ക് പര്‍ച്ചേസിലെ കൊള്ളയില്‍ നിന്ന് പിടിച്ചുനില്‍ക്കുന്നത്. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ ലഭ്യമാക്കാനും നടപടിയെടുത്തിട്ടുണ്ട്. പല കാര്യങ്ങളാല്‍ ഇത് പ്രായോഗികമല്ല. അളവിലെ കുറവ്, ഗുണനിലവാരം, അധികദൂരം ഓടുമ്പോഴുള്ള നഷ്ടം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ടെന്നുമാണ് ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞത്.
എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്കിയ കേസില്‍ ബള്‍ക്ക് പര്ച്ചെയിസിന്റെ പേരില്‍ വിപണി വിലയേക്കാള്‍ അഞ്ചുപൈസപോലും കെഎസ്ആര്‍ടിസിയില്‍ നിന്നും അധികം ഈടാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ യാത്രാഫ്യുവല്‍സ് കണ്‍സ്യൂമര്‍ പമ്പിലേക്ക് (ജനങ്ങള്‍ക്ക് കൂടി ഇന്ധനം വാങ്ങാനാവുന്ന പമ്പുകള്‍) നല്‍കുന്നത് വില കുറച്ചാണ്. കെഎസ്ആര്‍ടിസിക്ക് വേണ്ടി പമ്പില്‍ നിന്നും ഡീസല്‍ അടിക്കുമ്പോള്‍ 1.80 രൂപ ഡീലര്‍ കമ്മീഷന് കെഎസ്ആര്‍ടിസിക്ക് തന്നെ ലഭിക്കുന്നുണ്ട്. ഇത് കരാര്‍ലംഘനം ആണെങ്കിലും കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സത്യവാങ്മൂലത്തിലുണ്ട്. കോടതി ഇക്കാര്യം ശരിയാണോ എന്ന് ചോദിക്കവെ കെഎസ്ആര്‍ടിസിയുടെ അഭിഭാഷകനായ കപില്‍ സിബല്‍ ശരിയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ബള്‍ക്ക് പര്ച്ചെയിസിന് ഇരട്ടിയോളം തുക നല്‍കിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: