തിരുവനന്തപുരം നഗര മധ്യത്തിലുള്ള കുന്നുകുഴി സിപിഎമ്മിന്റെ ‘പാര്‍ട്ടി ഗ്രാമ’ മാണ്. എന്തിനും എല്ലാത്തിനും പാര്‍ട്ടിക്കുവേണ്ടി തയ്യാറായി ആളുകളിറങ്ങുന്നതും ഇവിടെ നിന്നാണ്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററും കൈരളി ടിവി ആസ്ഥാനവും എല്ലാം ഇവിടെത്തന്നെ. അവിടെയുള്ള സിപിഎം സംസ്ഥാന ആസ്ഥാനത്തിനു നേരെ ആക്രമണം. ആലോചിക്കാനാവാത്ത കാര്യം. രൂക്ഷമായ സംഘര്‍ഷങ്ങളും കൊലപാതക പരമ്പരകളും നടന്നപ്പോള്‍ പോലും പാര്‍ട്ടി ആസ്ഥാനത്തിനു നേരെ അതിക്രമം ഉണ്ടായിട്ടില്ല. അതും സംഭവിച്ചിരിക്കുന്നു.
പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം നേതാക്കള്‍ ആണയിട്ടും അലമുറയിട്ടും പറയുന്നുണ്ടെങ്കിലും ആളെ പിടിക്കാന്‍ പിണറായി വിജയന്റെ പോലീസിനു കഴിഞ്ഞിട്ടില്ല. കുന്നിലോ കുഴിയിലോ ഒളിച്ചിരിക്കുന്ന അക്രമിയുടെ ചിത്രവും വന്ന വാഹനത്തിന്റെ നമ്പരും സിസി ടിവിയില്‍ തെളിവാര്‍ന്ന് പതിയാത്തതാണ് കാരണം എന്നാണ് പോലീസ് ഭാഷ്യം.
ഇതേ കുന്നുകുഴിയില്‍ ആക്രമിക്കപ്പെടുന്ന ആദ്യത്തെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനമല്ല എകെജി സെന്റര്‍. കുമ്മനം രാജശേഖരന് ബിജെപി പ്രസിഡന്റായിരുന്നപ്പോള്‍ ഓഫീസ് ഇവിടെയായിരുന്നു. അദ്ദേഹം ഓഫീസിലുള്ളപ്പോള്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്കിയതാകട്ടെ കുന്നുകുഴിയിലെ വാര്‍ഡ് കൗണ്‍സിലറും. എല്ലാവരുടേയും പടം ബിജെപി ഓഫീസിലെ സിസിടിവിയില്‍ വ്യക്തമായതിനാല്‍ കൗണ്‍സിലര്‍ ഐ.പി.ബിനു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പ്രിജില്‍ സാജ് കൃഷ്ണ, ജെറിന്, സുകേശ് എന്നിവര്‍ക്കെതിരെ പോലീസിനു കേസെടുക്കേണ്ടി വന്നു. പാര്‍ട്ടി ഓഫിസുകള്‍ക്കുനേരെ അതിക്രമം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനം സിപിഎം കൗണ്‍സിലര്‍ തന്നെ ലംഘിച്ചതോടെ ഐ.പി.ബിനുവിനെ പാര്‍ട്ടി സസ്പെന്‍ഡും ചെയ്തു.
അന്ന് പോലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സിജെഎം കോടതി തള്ളിയ ദിവസം തന്നെയാണ് എകെജി സെന്ററിനുനേരെ ആക്രമണം എന്നത് ആകസ്മികമാകാം. എങ്കിലും ആലോചിക്കേണ്ടതു തന്നെ. കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണ്. നിയമപരമായി നിലനില്ക്കുകയില്ല എന്നായിരുന്നു ഈ കേസില്‍ സര്‍ക്കാര്‍ വാദം. സംഭവ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തില്‍ നിലനില്‍പ്പില്ലെന്നായിരുന്നു ന്യായം പറഞ്ഞത്. ഇടതു നേതാക്കളെ സഹായിക്കുക എന്നതാണ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കൊണ്ട് ഉദേശിക്കുന്നത് എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയത്. ഇടതുപക്ഷ സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. എ കെജി സെന്റര്‍ ആക്രമണത്തിനും സിസിടിവി ദൃശ്യം മാത്രമാണ് ആശ്രയമെന്നതും കൂട്ടിവായിക്കണം.
പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തിനു നേരെ അതിക്രമം കാട്ടിയത്’ ആദ്യ സംഭവം, പൊറുക്കാനാവാത്ത സംഭവം’ എന്നൊക്കെ അലറിവിളിക്കുന്നവരും തെരുവിലിറങ്ങുന്നവരും, മാരാര്‍ജി ഭവനു നേരെ മാത്രമല്ല അടുത്ത കാലത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്കും ആക്രമണം അഴിച്ചുവിട്ടിരുന്നു. വിമാനയാത്രയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിനെതിരെ പ്രകടനമായി കൊടിയും പിടിച്ചു വന്നു നടത്തിയ ആക്രമണമായതിനാല്‍ സഖാക്കന്മാരെ തള്ളിപ്പറയാനും പാര്‍ട്ടിക്കായില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐക്കാര്‍ തകര്‍ത്തത് അടുത്തയിടെയാണ്. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സംഭവത്തെ മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിപ്പറഞ്ഞെങ്കിലും അതിന്റെ പേരിലുള്ള പോര്‍വിളികള്‍ നിലച്ചിട്ടില്ല എകെജി സെന്ററിനു നേരെ പാതിരാത്രിയില്‍ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം അവിടെ എത്തിയ സിപിഎം നേതാക്കളെല്ലാം പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പ്രഖ്യാപനവും നടത്തി. ആ താളവും ഈണവും പിന്‍പറ്റി രാത്രിയില്‍ തന്നെ സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറി. പോലീസിനുപോലും പ്രതികളെക്കുറിച്ച് സൂചന കിട്ടും മുന്‍പ് സിപിഎം നേതാക്കള്‍ക്ക് പ്രതിയുടെ രാഷ്ട്രീയം പിടികിട്ടുന്നതെങ്ങനെ എന്നുമാത്രം ചോദിക്കരുത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തിരുവന്തപുരത്തുതന്നെ കുണ്ടമണ്‍കടവിലുള്ള ഒരു സ്വാമിയുടെ വീട്ടുമുറ്റത്തു കിടന്ന പഴയ കാര്‍ രാത്രിയില്‍ ആരോ കത്തിച്ചു. കൊച്ചുവെളുപ്പാന്‍ കാലത്ത് സ്ഥലത്ത് പാഞ്ഞെത്തിയ മുഖ്യമന്ത്രി പറഞ്ഞത് തീയിട്ടത് ആര്‍എസ്എസുകാര്‍ എന്നാണ്. ആറു വര്‍ഷം കഴിഞ്ഞിട്ടും ആര് എസ്എസുകാരെ ആരെയും പിടിക്കാന്‍ പറ്റിയിട്ടില്ല. കള്ളന് കപ്പലില്‍ തന്നെ എന്നു ബോധ്യപ്പെട്ടപ്പോള്‍ കേസുതന്നെ മുക്കി. സമാനമായ സാഹചര്യമാണ് പുതിയ ബോംബേറിലും എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: