ഉദയ്പുര്‍: രാജസ്ഥാനില്‍ താലിബാന് മോഡല്‍ കൊലപാതകം തടത്തിയവരെ പിടികൂടി. ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അന്‍സാരിയും ആണ് അറസ്റ്റിലായത്. ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകന്റെ ജീവിതം തുറന്നു കാട്ടിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളുടെ തലയാണ് ഇവര്‍ അറത്തുമാറ്റിയത്. തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ധന് മണ്ഡി മാര്‍ക്കറ്റിലെ തന്റെ കടയില്‍ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അന്‍സാരിയും എത്തിയത്. ഒരാള്‍ക്ക് തുണി തയ്ക്കാന്‍ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാല്‍ അളവെടുക്കുന്നതിനിടെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റേയാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഓടി രക്ഷപ്പെട്ട പ്രതികള്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.
പ്രതികള്‍ പുറത്തുവിട്ട വിഡിയോ കാണുകയോ പ്രചരിപ്പിക്കയോ ചെയ്യരുതെന്ന് രാജസ്ഥാന് പൊലീസ് ആവശ്യപ്പെട്ടു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ഐഎ) ഒരു സംഘം ഉദയ്പുരിലെത്തി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഒരു മാസത്തേക്ക് സമ്മേളനങ്ങളും നിരോധിച്ചു. ഉദയ്പുര്‍ ജില്ലയിലെ ഏഴു മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഭവം സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചയെന്ന് ബിജെപി ആരോപിച്ചു. പട്ടാപ്പകല്‍ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു. അശോക് ഗെലോട്ട് സര്‍ക്കാരിന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഉദയ്പുര്‍ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തു. വളരെ ദുഃഖകരമായ സംഭവമാണ്. അതൊരു ചെറിയ സംഭവമല്ല, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. കുറ്റവാളികള്‍ രക്ഷപ്പെടില്ലന്നും ഗെഹലോട്ട് പറഞ്ഞു. ആളുകള്‍ക്കിടയില്‍ പിരിമുറുക്കമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യണം. ഇത്തരം അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല’ അദ്ദേഹം പറഞ്ഞു.
ഉദയ്പുരിലെ ക്രൂരമായ കൊലപാതകം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ ചെറുക്കണം. ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്തുക’ അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും മതത്തിന്റെ പേരില്‍ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: