തിരുവനന്തപുരം: രാഷ്‌ട്രീയ അയിത്തം ജനാധിപത്യ വിരുദ്ധമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ജനപ്രതിനിധിയുടെ മുഖത്ത് നോക്കി തെറ്റ് ചൂണ്ടി കാട്ടുന്നതാണ് ജനാധിപത്യമെന്നും ജനം ടി വി യുടെ ജനനായകന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയത്തിന്റെ പേരില്‍ ജനം ടി വിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ജനാധിപത്യത്തിന് യോജിക്കുന്നതാണോയെന്ന് പരിശോധിക്കണം. എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന സംസ്‌കാരമുള്ള നാടാണ് കേരളം. എതിരാളിയും മാനിക്കപ്പെടണം. ബഹിഷ്‌ക്കരണം ശരിയല്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ശിവഗിരിയിലെത്തിയപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കാതിരുന്നു. ഇന്നും നരേന്ദ്ര മോദിക്ക് മാറ്റമില്ല. പ്രധാനമന്ത്രി ആയി എന്നു മാത്രം. അന്ന് ബഹിഷ്‌കരിച്ചവരൊക്കെ ഇന്ന് അപേക്ഷ കൊടുത്ത് അങ്ങോട്ട് പോയി കാണേണ്ടി വരുന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി അച്ച്യുതന്‍ മേനോന് വേണ്ടി മകന്‍ ഡോ.രാമന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ജനപ്രിയ നേതാവിനുള്ള പുരസ്‌കാരം കുമ്മനം രാജശേഖരന്‍, യുവജന നേതാവായി സന്ദീപ് വാചസ്പതി, കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനയക്ക് ശ്രീകുമാരന്‍ തമ്പി, പ്രൊഫ.സി.ജി. രാജഗോപാല്‍, വ്യവസായ മേഖലയില്‍ നിന്നുള്ള സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് തൃശൂര്‍ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.
കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളം ഒരാശയത്തിന്റെ മാത്രം കേന്ദ്രമല്ലെന്ന് വി. മുരളീധരന്‍ പറഞ്ഞു. വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒരേ വേദിയില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് ദക്ഷിണഭാരത വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, ജനം ടിവി എംഡി യു.എസ്. കൃഷ്ണകുമാര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗിരീഷ്.സി. മേനോന്‍, ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: