മെയിന്‍പുരി (ഉത്തര്‍പ്രദേശ്): നാലായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ആയുധങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. മെയിന്പുരിക്കടുത്ത് ഗണേഷ് പൂരിലെ ഒരു കൃഷിഭൂമിയില്‍ നിന്നാണ് ഇത് കിട്ടിയത്. വിളവിറക്കുന്നതിനുവേണ്ടി ഭൂമി കിളയ്ക്കുന്നതിനിടെ ഈ മാസം ആദ്യമാണ് ആയുധങ്ങള്‍ കിട്ടിയത്. സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കരുതി ഇയാള്‍ ഇവ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വിവരമറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഎസ്ഐ ഉദ്യോഗസ്ഥര്‍ എത്തി ആയുധങ്ങള്‍ ഏറ്റെടുത്തു. 39 പുരാതന ആയുധങ്ങളാണ് കണ്ടെടുത്തത്. വാളുകളും കുന്തമുനകളുമാണ് ആയുധങ്ങളിലേറെയും. ഇവ കോപ്പര്‍ യുഗത്തിലേതാണെന്നാണ് നിഗമനമെന്ന് എഎസ്ഐ ഡയറക്ടര്‍ ഭുവന് വിക്രം മാധ്യമങ്ങളോട് പറഞ്ഞു.
സമീപകാലത്തായി മെയിന്‍പുരി മേഖലയില്‍ 3800-4000 വര്‍ഷം പഴക്കമുള്ള കരകൗശലവസ്തുക്കളടക്കമുള്ളവ കണ്ടെടുത്തിരുന്നു. ഭാഗ്പട്ട്, മൊറാദബാദ്, സഹരന്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം പുരാവസ്തുക്കള്‍ ലഭിച്ചത്. ഇവയെല്ലാം നാലായിരം വര്‍ഷം മുമ്പുള്ളവയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് എഎസ്ഐ വക്താവ് വസന്ത് സ്വരണ്കര് പറഞ്ഞു.
ഗണേഷ്പൂരില് നിന്ന് ലഭിച്ച ആയുധങ്ങള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നവയല്ലെന്നും അക്കാലങ്ങളില്‍ ഭൂമിക്കുവേണ്ടിയോ മറ്റോ നടന്ന വലിയ ഏറ്റുമുട്ടലുകളില്‍ പ്രയോഗിച്ചിരുന്നവയോ ആണെന്നും സ്വരണ്കര് ചൂണ്ടിക്കാട്ടി. 2018ലാണ് ഭാഗ്പെട്ടിനടുത്ത് സനൗലിയില്നിന്ന് 2000 ബിസിയിലേതെന്ന് കരുതപ്പെടുന്ന രഥങ്ങള്‍ കണ്ടെടുത്തത്. മഹാഭാരതകാലത്ത് ഉപയോഗിച്ചിരുന്ന തരത്തിലുള്ള ആയുധങ്ങളും രഥങ്ങളുമാണിവയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: