മുംബൈ: ഗുജറാത്ത് കലാപ കേസില്‍ ടീസ്ത സെതല്‍വാദിന് പിന്നാലെ മലയാളിയായ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാറിനെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രീകുമാറിനൊപ്പം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി ടീസ്ത സെതല്‍വാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് പോലീസിന്റെ ശക്തമായ നീക്കം.
ശനിയാഴ്ച പോലീസ് ഇന്‍സ്പെക്ടര്‍ ഡിബി ബരാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്ത് ശ്രീകുമാറിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മറ്റൊരു കേസില്‍ ജയിലിലാണ്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഢാലോചന, ഐപിസിയിലെ മറ്റ് വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് നേരത്തെ പിരിച്ചുവിട്ടത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്തയുടെ എന്‍ജിഒ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടീസ്തയെ തേടി ഗുജറാത്ത് പോലീസ് എത്തിയത്. ഞാന്‍ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയില്‍ ടീസ്ത സെതല്‍വാദിന്റെ പേര് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവര്‍ നടത്തുന്ന എന്‍ജിഒ – എന്‍ജിഒയുടെ പേര് എനിക്ക് ഓര്‍മയില്ല, ടീസ്ത കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞത്.
ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കുറ്റാരോപണങ്ങള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞു നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ച് വയ്‌ക്കാനില്ലെന്നും ബിജെപിയുടെ മേല്‍ വീണ കറ മാറിയിരിക്കുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: