ന്യൂദല്‍ഹി: സാന്താള്‍ ആദിവാസി വംശജയായ ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ പ്രതിപക്ഷം ചിതറുകയാണ്. പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.
യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച 17 പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉണ്ടായിരുന്നു. പക്ഷെ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡുകാരുടെ കോപത്തിന് പാത്രമാവുമെന്ന ഉറച്ച ബോധ്യമാണ് ഹേമന്ത് സോറനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചത്. ഗോത്രവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിനെ എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ജാര്‍ഖണ്ഡില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും അത് വലിയ ആയുധമാക്കുമെന്ന ഭയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശി കൂടിയായ യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച തന്റെ സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്. പക്ഷെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാലം വലിച്ചതോടെ ഈ റാലി റദ്ദാക്കിയിരിക്കുകയാണ്.
കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ ജെഡി (എസും) ധര്‍മ്മ സങ്കടത്തിലാണ്. പിന്നോക്ക വിഭാഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന ജെഡി (എസ്) മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അത് വലിയ ക്ഷീണമാവും. അതുകൊണ്ട് തന്നെ മുര്‍മുവിന് അനുകൂല ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ദേവഗൗഡ നടത്തിയിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെയും കൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മമത പോലും ഈ തിരിച്ചടികളെ തുടര്‍ന്ന് മൗനത്തിലാണ്. പിന്നാക്ക വിഭാഗത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന ഇവര്‍ മുര്‍മുവിനെ തള്ളിയാല്‍ വരും നാളുകളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം മമതയ്ക്ക് പോലുമുണ്ട്. സ്വതന്ത്ര ഇന്ത്യയ്ക്ക് ഏഴ് ദശകങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും ഒരു രാഷ്ട്രപതിയെ കിട്ടുന്നത്. ഈ അവസരത്തില്‍ നിന്നും പുറം തിരിഞ്ഞുനിന്നാല്‍ തങ്ങളുടെ രാഷ്ട്രീയനിലപാടുകള്‍ പിന്നീട് വിമര്‍ശിക്കപ്പെടുമെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ കടുന്ന മോദി വിരോധം പുലര്‍ത്തുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും സിപിഎമ്മും മാത്രമാണ് ഇതുവരെ യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു നേതാവുമായ നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി എന്നിവര്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
മുര്‍മുവിന് ജയിക്കാന്‍ വേണ്ട വോട്ട് മൂല്യം 5.2 ലക്ഷമാണ്. ഇപ്പോള്‍ മുര്‍മുവിന് ലഭിച്ച ബിജെഡി ഉള്‍പ്പെടെയുള്ളവരുടെ വോട്ടുമൂല്യം കൂടി ചേര്‍ത്താല്‍ 5.5 ലക്ഷം കവിയും. ആന്ധ്രയിലെ വൈഎസ്ആര്‍സിപി, ജാര്‍ഖണ്ഡിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കര്‍ണ്ണാടകയില്‍ നിന്നുുള്ള ജെഡിഎസ് എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ വോട്ടു മൂല്യം 6.22 ലക്ഷമാകും. അതായത് മുര്‍മുവിന് അപ്പോള്‍ 57.3 ശതമാനം വോട്ട് ലഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: