തിരുവനന്തപുരം : സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി വരാനിരിക്കേ കേസില്‍ സഹായിക്കാമെന്ന് പറഞ്ഞ് സരിത എസ്. നായര്‍ വിളിച്ചതായി പിതാവ് ഉണ്ണി. ബാലഭാസ്കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഉണ്ണി കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി വരാനിരിക്കേ അനുകൂല വിധിക്കായി സഹായിക്കാമെന്ന് പറഞ്ഞാണ് സരിത ഫോണ്‍ വിളിച്ചതെന്നും ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഈ മാസം 30നാണ് ഉണ്ണി നല്കിയ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നത്. കേസില ഫോണിലൂടെ ഹര്‍ജി തള്ളുമെന്ന് പറഞ്ഞ സരിത മേല്‍ കോടതിയില്‍ പോകാന്‍ സഹായവും വാഗ്ദാനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കാം കേസ് നടത്തിപ്പിനായി സഹായിക്കാമെന്നും അറിയിച്ചു.
സരിതയുടെ അഭിഭാഷകനും തന്റെ അഭിഭാഷകനും ഒന്നല്ല. സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. അവരെന്തിനാണ് തന്നെ വിളിച്ചതെന്നും അറിയില്ലെന്നും ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്കറിന്റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചത്. സൗഹാര്‍ദ്ദ പരമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചതെന്നും സരിത പ്രതികരിച്ചു.
2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ആദ്യം മകള്‍ തേജസ്വിനി മരിച്ചു. പിന്നിട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ തേജസ്വിനിയും ഡ്രൈവര്‍ അര്‍ജുനും ദിവസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
കേസ് ലോക്കല്‍ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിക്കുകയും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. അതിനിടെ അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയെത്തി.
ക്രൈംബ്രാഞ്ച് പക്ഷേ സോബിയുടെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്നും അച്ഛനടക്കമുളള ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സിബിഐയിലേക്കു പോയത്. എന്നാല്‍ സിബിഐ അന്വേഷണത്തിലും ബാലുവിന്റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് അച്ഛന് ഉണ്ണി ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: