കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ അഫ്ഗാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.
അഫ്ഗാനിലെ പാക് അതിർത്തിയ്ക്ക് സമീപമുള്ള പക്ട്ടിക പ്രവിശ്യയിൽ പുലർച്ചെയോടെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. തെക്ക്കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്.ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. നിരവധി വീടുകളും കെട്ടിടങ്ങളും നിലം പതിച്ചു. 10 കിലോ മീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ആളുകള്‍ കെട്ടിടങ്ങളില്‍ കൂട്ടമായി താമസിക്കുന്ന രീതിയായതിനാലാണ് അഫ്ഗാനില്‍ മരണസംഖ്യ കൂടിയതെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആളുകള്‍ ഒന്നിനു പുറകെ ഒന്നായി ശവക്കുഴി വെട്ടുകയാണെന്ന് സാംസ്കാരിക വകുപ്പിന്റെ മേധാവി മുഹമ്മദ് അമിന്‍ ഹുസൈഫ പറഞ്ഞു. മഴകൂടി പെയ്യുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. താലിബാന് ഭരണത്തിന് ഇത് വലിയ വെല്ലുവിളിയാണ്.
ഇവിടെ സര്‍ക്കാര്‍ നിയമിച്ച ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തകരില്ല. പകരം തൊട്ടടുത്ത പട്ടണത്തില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമെത്തിയവര്‍ തന്നെയാണ് ദുരന്തത്തില്‍ പരിക്കേറ്റവരെ സഹായിച്ചത്. ഇനിയും രക്ഷാപ്രവര്‍ത്തകര്‍ ഗ്യാന്‍ പോലുള്ള ഉള്‍ഗ്രാമങ്ങളില്‍ എത്തിയിട്ടി്ല്ല.
താലിബാന് സര്‍ക്കാരിന്റെ പരിമിതമായ സൗകര്യങ്ങളും ദുരന്തവും ആളുകളുടെ യാതനകളും വര്‍ധിപ്പിച്ചു. ഹെലികോപ്റ്ററുകളും എയര്‍ ക്രാഫ്റ്റുകളും കുറവായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി താലിബാൻ വിദേശ സഹായവും തേടിയിട്ടുണ്ട്.
ഇതിനിടെ യുറോപ്യന്‍ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന് ഉടന്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് ഐക്യരാഷ്ട്രസമിതിയെ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലും പ്രദേശത്തെ സുരക്ഷിത കേന്ദ്രത്തിലും എത്തിച്ചാണ് ചികിത്സ നൽകുന്നത്.
പൊതുവെ ഭൂകമ്പബാധിത പ്രദേശങ്ങളാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകള്‍. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഗീസില്‍ ജനവരിയില്‍ നടന്ന ഭൂകമ്പനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: