ന്യൂദല്‍ഹി : അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പട്ട് രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യാമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്‍.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിങ് വിളിച്ചത്.
പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് കര, വ്യോമ സേനകള്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു.
അഗ്‌നിപഥ് പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ വ്യോമസേനയും പുറത്തുവിട്ടു. റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ക്യാമ്പസ് ഇന്റര്‍വ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിശദമായി വിവരിക്കുന്ന മാര്‍ഗരേഖയാണ് വ്യോമസേന പുറത്തുവിട്ടത്. നിലവില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും അഗ്‌നിപഥ് സ്‌കീമില്‍ അപേക്ഷിക്കാം. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
അതിനിടെ അഗ്‌നിപഥ് പദ്ധതി വഴി സായുധ സേനയില്‍ ചേരുന്നവര്‍ക്കായി ആയുധ ഫാക്ടറികളിലും 10 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 41 ആയുധ ഫാക്ടറികളിലെ 10 ശതമാനം ഒഴിവുകള്‍ നീക്കിവെയ്‌ക്കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്‌നിപഥ് പദ്ധതി വഴി വരുന്നവര്‍ക്ക് ലഭിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. വ്യോമസേന മന്ത്രാലയവും ‘അഗ്‌നിവീറു’കള്‍ക്ക് കേന്ദ്രം സംവരണവും പ്രഖ്യാപിച്ചിരുന്നു. വിമുക്തഭടര്‍ക്ക് നിലവില്‍ നല്‍കിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അര്‍ധസൈനികവിഭാഗങ്ങളിലും അസം റൈഫിള്‍സിലും നിയമനം ലഭിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവ് നല്‍കും. ആദ്യബാച്ചിലുള്ളവര്‍ക്ക് ഇളവ് അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: